കൊച്ചി: കലൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടത്തിലെ വാഹനമോടിച്ച യുവാക്കൾക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ ഫോൺ രേഖകൾ പരിശോധിക്കാൻ പൊലീസ്. പ്രതികൾ സ്കൂൾ വിദ്യാർഥിനിക്ക് ലഹരി നൽകി പീഡിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് അന്വേഷണം.
തൃപ്പൂണിത്തുറ അരഞ്ഞാണിയിൽ വീട്ടിൽ ജിത്തു (29), തൃപ്പൂണിത്തുറ പെരുമ്പള്ളിയിൽ വീട്ടിൽ സോണി (25) എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾ കൂടുതൽ പെൺകുട്ടികളെ വലയിൽ വീഴ്ത്തിയിട്ടുണ്ടാകുമെന്ന സംശയത്തെത്തുടർന്നാണ് അന്വേഷണം വിപുലീകരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ പ്രതികൾ ആരൊക്കെയുമായി ബന്ധപ്പെട്ടെന്ന് അന്വേഷിച്ച് കൂടുതലായി വിളിച്ച ഫോൺ നമ്പറുകളുടെ ഉടമകളെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പദ്ധതി. കഴിഞ്ഞ ദിവസം കലൂർ പാവക്കുളം ക്ഷേത്രത്തിന് സമീപം പ്രതികൾ ഓടിച്ചിരുന്ന കാറിടിച്ച് കൊച്ചി നഗരത്തിലെ ശുചീകരണ തൊഴിലാളി മരിക്കുകയും ഒരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണമാണ് പോക്സോ കേസ് വരെയെത്തിയത്. ഓട്ടോയും സ്കൂട്ടറുമടക്കം ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോയ കാർ കലൂർ ദേശാഭിമാനി ജങ്ഷനിൽ നാട്ടുകാർ തടഞ്ഞുനിർത്തിയാണ് പിടികൂടിയത്. കാറിൽ സ്കൂൾ വിദ്യാർഥിനികൾ ഉണ്ടായിരുന്നെന്ന വിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് ലഹരി നൽകിയുള്ള പീഡനവിവരം പുറത്തറിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.