ന്യൂഡൽഹി: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്ക് സ്വന്തം രാജ്യത്ത് പഠനം തുടരേണ്ടതും അവർക്കുണ്ടായിരിക്കുന്ന സാമ്പത്തിക പ്രയാസങ്ങളിൽ അവരെ സഹായിക്കേണ്ടതും അനിവാര്യമായ അടിയന്തിര സാഹചര്യത്തെപ്പറ്റി സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ നോട്ടീസ് നൽകി.
യുക്രൈയിനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികൾക്കുണ്ടായ ഗതിയും അവരുടെ വിദ്യാഭ്യാസത്തിൻ്റെ ഭാവിയും രാജ്യത്തെ പൊതുവിലും യുവതലമുറയെയും അഭിമുഖീകരിക്കുന്ന ഗൗരവമുള്ള പ്രശ്നമാണെന്ന് സമദാനി അടിയന്തിരപ്രമേയ നോട്ടീസിൽ പറഞ്ഞു. അവർക്ക് നാട്ടിലുള്ള സ്ഥാപനങ്ങളിൽ പഠനം തുടർന്നു കൊണ്ടുപോകാൻ സൗകര്യം നൽകേണ്ടതുണ്ട്. അതിനാവശ്യമായ ഭേദഗതികൾ ബന്ധപ്പെട്ട നിയമങ്ങളിൽ കൊണ്ടുവരണം.
തങ്ങളുടെ ഭാവിവിദ്യാഭ്യാസ സംബന്ധിയായി വിദ്യാർഥികൾക്കുണ്ടായിരിക്കുന്ന ഉൽക്കണ്ഠകൾ അകറ്റിയും അവരെ സഹായിക്കേണ്ടതുണ്ട്. യുക്രൈനിൽ പഠിക്കാൻ പോയ ഇരുപതിനായിരത്തോളം വിദ്യാർത്ഥികളിൽ പലരും ബാങ്കിൽ നിന്ന് കടമെടുത്താണ് തങ്ങളുടെ വിദേശവിദ്യാഭ്യാസത്തിന് വഴി കണ്ടെത്തിയത്. മറ്റുള്ളവരും ഏറെ പ്രയാസപ്പെട്ടാണ് അതിനായുള്ള സാമ്പത്തികഭാരം സഹിക്കുകയുണ്ടായത്. വിദ്യാർത്ഥികളെ മാത്രമല്ല, അവരുടെ കുടുംബങ്ങളെയും ബാധിച്ച ഈ ദുഃസ്ഥിതിയിൽ അവരെ സഹായിക്കാൻ ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിക്കുന്നതടക്കമുള്ള കാരുണ്യപരമായ നടപടികളും അനിവാര്യമാണ്.ഈ സാഹചര്യത്തെക്കുറിച്ച് സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ടതുണ്ടെന്ന് സമദാനി അടിയന്തിരപ്രമേയ നോട്ടീസിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.