എല്ലാ ടോളുകളും തട്ടിപ്പ് -മന്ത്രി ജി. സുധാകരന്‍ 

തൃപ്പൂണിത്തുറ: എല്ലാവിധ ടോളുകളും തട്ടിപ്പും വെട്ടിപ്പുമാണെന്നും അതുകൊണ്ടുതന്നെ സംസ്ഥാനം ഇതിനെ അംഗീകരിക്കുന്നില്ളെന്നും പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. എരൂര്‍-മാത്തൂര്‍ റെയില്‍വേ മേല്‍പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേന്ദ്ര സര്‍ക്കാറാണ് റോഡ് ചുങ്കം കൊണ്ടുവന്നത്. കേരളത്തിന് ഇഷ്ടമില്ലാത്ത കാര്യം കേന്ദ്രം അടിച്ചേല്‍പിക്കുകയായിരുന്നു. എതിര്‍ക്കാനാകാത്തതുകൊണ്ട് ഇത് തുടര്‍ന്നുപോരുന്നു. ടോളില്‍ കള്ളക്കണക്കാണുണ്ടാക്കുന്നത്. അഴിമതിക്കാരായ ഉദ്യോഗസ്ഥരും കരാറുകാരുമൊക്കെ ചേര്‍ന്ന് തുക വീതിച്ചെടുക്കുന്നു. പലവിധ നികുതികള്‍ കൊടുക്കുന്ന ജനങ്ങളുടെ പണം ഉപയോഗിച്ച് നിര്‍മിക്കുന്ന പാലത്തിലൂടെ യാത്രചെയ്യുന്നതിന് അവര്‍ വീണ്ടും ടോള്‍ നല്‍കണമെന്നത് അംഗീകരിക്കാനാവില്ല. ടോള്‍ പിരിക്കുന്ന കുത്തകകളെ തൊടാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകുന്നില്ല. അവരില്‍നിന്ന് നികുതി ഈടാക്കിയാല്‍ ചെറുപാലങ്ങള്‍ നിഷ്പ്രയാസം നിര്‍മിക്കാനാകും. റോഡ് റോഡായിത്തന്നെ ടാര്‍ ചെയ്യണം. ഇപ്പോള്‍ ഇതല്ല നടക്കുന്നത്. ടാര്‍ വിതരണത്തില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. വന്‍കിട കരാറുകള്‍ ടാര്‍ മറിച്ചുവില്‍ക്കുകയാണ്. ഇതുമൂലം ചെറുകിട കരാറുകാര്‍ക്ക് റോഡ് പണിക്ക് ടാര്‍ കിട്ടാത്ത അവസ്ഥയുണ്ട്. വെറുതെ കൈയുംവീശി പോകാന്‍ പറ്റുന്നവരാണ് കരാറുകാരെന്ന ധാരണ ശരിയല്ല. 

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 25,000 കോടി രൂപയാണ് റോഡില്‍ വീഴാതെ പോയത്. ഈ തുക കരാറുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേര്‍ന്ന് വീതിച്ചെടുക്കുകയാണ്. പൊതുമരാമത്ത് വകുപ്പില്‍ ഒരു വര്‍ഷം 200 കോടിയുടെയെങ്കിലും അഴിമതി നടക്കുന്നുണ്ട്. കരാര്‍ കൊടുക്കുന്നതിനുമുമ്പേയുള്ള തറക്കല്ലിടല്‍ സംസ്കാരമാണ് ഇപ്പോള്‍ നടക്കുന്നത്. കരാര്‍ നല്‍കിയശേഷമേ പദ്ധതികള്‍ക്ക് തറക്കല്ലിടാവൂവെന്ന് മന്ത്രി പറഞ്ഞു. റെയില്‍വേ മേല്‍പാലത്തിനു സമീപം നടന്ന ഉദ്ഘാടനസമ്മേളനത്തില്‍ എം. സ്വരാജ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രഫ. കെ.വി. തോമസ് എം.പി, ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ചെയര്‍പേഴ്സന്‍ ചന്ദ്രിക ദേവി, ഒ.വി. സലീം, പ്രസാദ് പണിക്കര്‍, ആര്‍.ബി.ഡി.സി.കെ. എം.ഡി ആശ തോമസ് എന്നിവര്‍ സംസാരിച്ചു. 

Tags:    
News Summary - sudakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.