പാലക്കാട്: ചിറ്റൂരിന് സമീപമുള്ള ഗ്രാമത്തിൽനിന്നാണ് ഗിരിജയും അമ്മയും പാലക്കാട് നഗരത്തിലേക്ക് ഉപജീവനം തേടിയെത്തുന്നത്. ചൂടുകൂടിയതോടെ ഇരുവരും ചേർന്ന് കോട്ടക്ക് സമീപം പനംനൊങ്ക് കച്ചവടം തുടങ്ങി. ഉഷ്ണം അധികരിക്കാൻ തുടങ്ങിയതോടെ ഇവരുടെ ചെറു വഴിയോരക്കടയിൽ നൂറുകണക്കിനാളുകളാണ് ദാഹമകറ്റാനെത്തുന്നത്.
സമീപത്തുള്ള ചെറുകടകളിലും കാര്യം വ്യത്യസ്ഥമല്ല. ചെറു മഴ പെയ്തിരുന്നെങ്കിലും പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞദിവസവും ചൂട് 37 ഡിഗ്രിയെത്തി. കുംഭമാസച്ചൂടിൽ കച്ചവടത്തിനനുസരിച്ച് പനംനൊങ്കിെൻറ ലഭ്യത കുറവാണെന്നാണ് ഗിരിജയും അമ്മയും പറയുന്നത്.
തുടർച്ചയായി ഉയർന്ന ചൂട് രേഖപ്പെടുത്തിയതോടെ സൂര്യാതപമടക്കം കരുതണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞദിവസം കോട്ടായിയിൽ ബൈക്ക് യാത്രികനായ വ്യാപാരിക്ക് പിൻകഴുത്തിൽ പൊള്ളലേറ്റിരുന്നു. ജനുവരി 31നാണ് ആദ്യം ചൂട് 37 ഡിഗ്രി കടന്നത്. മുണ്ടൂർ ഐ.ആർ.ടി.സിയിലാണ് കൂടിയ താപനില രേഖപ്പെടുത്തിയത്.
ഫെബ്രുവരി 13, 14, 15, 17, 18, 19, 20, 21 തീയതികളിൽ തുടർച്ചയായി 37 ഡിഗ്രിയായിരുന്നു ഉയർന്നചൂട്. വരുംദിവസങ്ങളിലും ചൂട് ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാവകുപ്പ് നൽകുന്ന വിവരം. കഴിഞ്ഞ വർഷം ജനുവരിയിൽ 38 ഡിഗ്രിയും ഫെബ്രുവരിയിൽ 39.5 ഡിഗ്രിയുമായിരുന്നു ഉയർന്ന ചൂട്. ഏറ്റവും ഉയർന്ന് മാർച്ച് 30, 31, ഏപ്രിൽ 1, 2, 3, 4, 5, 19, 20 തീയതികളിലായി 41 ഡിഗ്രി രേഖപ്പെടുത്തി.
പൊള്ളുന്നവെയിലിൽ നഗരത്തിെൻറ ദാഹമകറ്റാൻ തണ്ണിമത്തൻ, കരിക്ക് കച്ചവടക്കാരും റെഡിയാണ്. നഗരറോഡുകളിൽ തിരക്കൊഴിഞ്ഞ കോണിലെല്ലാം ശീതളപാനീയക്കടകളിൽ കച്ചവടം തകൃതി. കോവിഡ് കാലത്ത് കരുതൽ മറക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതർ ഒാർമിപ്പിക്കുന്നു. നഗരത്തിലെ ശീതളപാനീയ കടകളിലടക്കം വരും ദിവസങ്ങളിൽ പരിശോധനകൾ സംഘടിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. കുടിവെള്ളത്തിേൻറതടക്കം ഗുണനിലവാരവും പരിശോധിക്കും.
അന്തരീക്ഷതാപം ഒരുപരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിലാകും. ശരീരതാപം പുറത്തേക്ക് കളയുന്നതിന് തടസ്സം നേരിടും. ഈ അവസ്ഥയാണ് സൂര്യാതപം. ഇതിനെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം.
കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽനിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്നുള്ള അവസ്ഥയാണിത്. വെയിലത്ത് ജോലിചെയ്യുന്നവരിലും പ്രായമായവരിലും രക്തസമ്മർദം മുതലായവ ഉള്ളവരിലും ഇതുണ്ടാകാൻ സാധ്യതയേറെ.
•ഉയർന്ന് ശരീരതാപം, വരണ്ട് ചൂടായ ശരീരം, ശക്തമായ തല വേദന, തലകറക്കം, നേർത്ത നാഡീമിടിപ്പ് തുടങ്ങിയ ലക്ഷണം അനുഭവപ്പെട്ടാൽ ചികിത്സതേടണം
•കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യരുത്.
•ധാരാളം വെള്ളം കുടിക്കുക
•ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, ഇളനീർ എന്നിവ കുടിക്കുക
•ചൂട് കൂടുതലുള്ള അവസരങ്ങളിൽ തണലിൽ വിശ്രമിക്കുക
•വീടിനകത്ത് കാറ്റ് ലഭിക്കാൻ വാതിലുകളും ജനലുകളും തുറന്നിടുക
•കട്ടി കൂടിയത് ഒഴിവാക്കി അയഞ്ഞ ഇളംനിറത്തിലുള്ള വസ്ത്രം ധരിക്കുക
•സൂര്യാതപമേറ്റ് പൊള്ളിയഭാഗത്ത് കുമിളയുണ്ടായാൽ പൊട്ടിക്കരുത്
•വെയിലത്തിറങ്ങുമ്പോൾ കുടയും വെള്ളവും കരുതുക
•കാപ്പി, ചായ എന്നിവ പകൽ ഒഴിവാക്കുക.
•പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് രോഗംമൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.