തിരുവനന്തപുരം: മീനച്ചൂടിൽ വെന്തുരുകുന്നതിടെ ഞായറാഴ്ച സംസ്ഥാനത്ത് സൂര്യാതപമേറ്റ് രണ്ടുപേർകൂടി മരിച്ചു. തിര ുവനന്തപുരം പാറശ്ശാല നരിക്കുഴി ചെങ്കവിള ഞാറക്കാല വീട്ടിൽ കരുണാകരൻ (47), കണ്ണൂർ മാതമംഗലം വെള്ളോറ ചെക്കിക്കുണ്ടില െ കെ. നാരായണൻ (71), കോഴഞ്ചേരി മാരാമണ്ണിൽ നാരങ്ങാനം ലക്ഷംവീട് കോളനിയിൽ ഷാജഹാൻ (60) എന്നിവരാണ് മരിച്ചത്. ഇതോടെ ഈ വേനൽക ാലത്ത് സൂര്യാതപമേറ്റ് മരിച്ചെന്ന് സംശയിക്കുന്നവരുടെ എണ്ണം അഞ്ചായി. ഞായറാഴ്ച ഏഴുപേർക്ക്കൂടി സൂര്യാതപമേറ്റി ട്ടുണ്ട്. ആലപ്പുഴ, കാസർകോട്, കൊല്ലം ജില്ലകളിൽ ഒരോ ആൾക്കും പത്തനംതിട്ടയിൽ നാലുപേർക്കുമാണ് പൊള്ളലേറ്റതെന്ന ് ആരോഗ്യവകുപ്പ് അറിയിച്ചു. വേനൽക്കാലത്ത് കേരളം ഇതുവരെ അനുഭവിക്കാത്ത പ്രതിഭാസമാണിതെന്നും ജനങ്ങൾ അതിജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് ആവർത്തിച്ചു.
ഒരാഴ്ചക്കിടെ സൂര്യാതപമേറ്റ് സംസ്ഥാനത്ത് തളർന്നുവീണത് 62 ഒാളം പേരാണ്. ഞായറാഴ്ച രാവിലെ 10.30ഒാടെ പാട്ടത്തിനെടുത്ത് കൃഷിചെയ്യുന്ന വാഴത്തോട്ടത്തിൽ വെള്ളരിക്ക പറിക്കുന്നതിനിടെയാണ് കരുണാകരന് സൂര്യാതപമേറ്റത്. അബോധാവസ്ഥയിൽ ചാലിൽ വീണുകിടന്ന കരുണാകരനെ സമീപത്ത് വാഴക്കൃഷി ചെയ്യുന്ന കർഷകനാണ് കണ്ടത്. ഉടനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വലത്തെ മുതുകിൽ പൊള്ളലേറ്റിട്ടുണ്ട്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്േമാർട്ടത്തിന് ശേഷം സംസ്കരിച്ചു. ഭാര്യ സുമി പട്ടം പി.എസ്.സി ഒാഫിസ് ജീവനക്കാരിയാണ്. മക്കൾ: ആഷിക്, അഭിഷേക്.
ശനിയാഴ്ച രാവിലെ വെള്ളോറ ടൗണിലേക്ക് പോയ നാരായണെൻറ മൃതദേഹം ഞായറാഴ്ച രാവിലെ വിജനമായ പാറസ്ഥലത്താണ് കണ്ടെത്തിയത്. കൈകാലുകളിലും മറ്റും പൊള്ളലേറ്റ അടയാളം കണ്ടതിനാൽ സൂര്യാതപമാണ് സംശയമുയർന്നു. എന്നാൽ, ശ്വാസതടസ്സമാണ് മരണകാരണമെന്ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പെരിങ്ങോം പൊലീസ് പറഞ്ഞു. ഭാര്യ: ജാനകി. മക്കൾ: മധുസൂദനൻ (ടാഗോർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, വെള്ളോറ), ഷാജി. മരുമക്കൾ: ശോഭന (പറവൂർ), സവിത (ചെറുപുഴ). മാരാമൺ ബിഷപ്സ് ഹൗസിന് മുന്നിലെ റോഡിൽ അവശനായി കിടന്ന ഷാജഹാനെ കോയിപ്രം പൊലീസെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ശരീരത്തിലെ തൊലി പൊള്ളലേറ്റ് പൊളിഞ്ഞിട്ടുണ്ട്. സൂര്യാതപമെന്ന് സംശയിക്കുന്നതായി മൃതദേഹം പരിശോധിച്ച കോഴഞ്ചേരി ജില്ല ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞു.
11 ജില്ലകളിൽ ‘റെഡ് അലർട്ട്’
ചൊവ്വാഴ്ചവരെ സംസ്ഥാനത്ത് 11 ജില്ലകളിൽ കനത്തചൂട് തുടരുമെന്ന് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന് മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില ശരാശരിയിൽനിന്ന് രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ. ഇതിെൻറ അടിസ്ഥാനത്തിൽ രാവിലെ 11 മുതല്‍ ഉച്ചക്ക് മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്നലെ പാലക്കാട് 40.2 ഡിഗ്രി ചൂട് രേഖപ്പെടുത്തി. ഈ സീസണിൽ സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ താപമാപിനിയിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ചൂടാണിത്. വരുംദിവസങ്ങളിൽ താപനില ശരാശരിയില്‍നിന്നും രണ്ടുമുതൽ നാല് വരെ ഉയർന്നാൽ ഇത്തവണ സംസ്ഥാനം റെക്കോഡ് ചൂടിന് സാക്ഷ്യംവഹിച്ചേക്കാം. 2010, 2016കളിൽ പാലക്കാട് രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസാണ് കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ചൂട്. സാധരണഗതിയിൽ ഏപ്രിൽ-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് ചൂട് 40 കടക്കുന്നത്. എന്നാൽ, ഇപ്രാവശ്യം മാർച്ചിൽ ചൂട് 40 ഡിഗ്രി കടന്നത് അതീവ ഗൗരവത്തോടെയാണ് കാലാവസ്ഥ വിദഗ്ധർ കാണുന്നത്. ഞായറാഴ്ച ആലപ്പുഴ ജില്ലയിൽ താപനില ശരാശരിയിൽനിന്ന് 3.2 ഡിഗ്രിവരെ ഉയർന്നു. പാലക്കാട് മൂന്ന് ഡിഗ്രി കോഴിക്കോട് 2.7 ഡിഗ്രിയും കണ്ണൂർ രണ്ട് ഡിഗ്രിയും അധികചൂട് അനുഭവപ്പെട്ടു.
വേനൽമഴയിൽ 38 ശതമാനം കുറവ്
വേനൽമഴയുടെ കുറവാണ് കേരളത്തെ ചുട്ടുപൊള്ളിച്ചുകൊണ്ടിരിക്കുന്നത്. ഈ സീസണിൽ മാർച്ച് 20 വരെ 38 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പത്തനംതിട്ടയൊഴിച്ച് മറ്റ് 13 ജില്ലകളിലും അധികമഴ ലഭിച്ചിട്ടില്ല. കാസർകോട് ഈ സീസണിൽ മഴയേ ലഭിച്ചിട്ടില്ല. തിരുവനന്തപുരത്ത് 99 ശതമാനവും കോഴിക്കോട് 95ഉം പാലക്കാട്, കണ്ണൂർ ജില്ലകളിൽ 84 ശതമാനവും മഴയുടെ കുറവുണ്ടായി. മഴ കനിഞ്ഞില്ലെങ്കിൽ ഏപ്രിലോടുകൂടി കേരളത്തിൽ ഉഷ്ണതരംഗം ആഞ്ഞടിക്കുമെന്ന കണക്കുകൂട്ടലിലാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.