കണ്ണൂർ: പയ്യന്നൂര്‍ വെള്ളൂരിലെ സുനിഷയുടെ മരണവുമായി ബന്ധപ്പെട്ട് ഭർതൃപിതാവ് അറസ്റ്റിൽ. സുനിഷയുടെ ഭർത്താവായ വിജീഷിന്‍റെ പിതാവ് കോറോം സ്വദേശി രവീന്ദ്രനാണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. വിജീഷിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിജീഷിന്‍റെ മാതാവ് പൊന്നു ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുൻകൂർ ജാമ്യം നേടിയിരുന്നു.
ഓഗസ്റ്റ് 29നാണ് വിജീഷിന്‍റെ ഭാര്യ സുനീഷയെ (26) വെള്ളൂരിലെ ഭര്‍തൃഗൃഹത്തിലെ കുളിമുറിയുടെ വെന്റിലേഷനില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനമാണ് സുനിഷയുടെ ആത്മഹത്യക്ക് കാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് തെളിവായി സുനിഷയുടെ ശബ്ദസന്ദേശങ്ങളും പുറത്തുവിട്ടു. ഭർതൃ വീട്ടിൽ ഭർത്താവിനെ കൂടാതെ, ഭർത്താവിന്റെ മാതാപിതാക്കളും ഉപദ്രവിച്ചിരുന്നതായി പറയുന്നതാണ് ശബ്ദരേഖ. തന്നെ കൂട്ടിക്കൊണ്ട് പോയില്ലെങ്കിൽ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി സഹോദരനോട് കരഞ്ഞ് പറയുന്നുണ്ട്.
ഭർത്താവ് വിജീഷുമായുള്ള ശബ്ദ രേഖയാണ് രണ്ടാമത് പുറത്തുവന്നത്. സ്വന്തം വീട്ടിലേക്ക് പോകാൻ പല തവണ ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിക്കുന്നില്ല. ഭർതൃ വീട്ടിൽ ഇനി ജീവിക്കാൻ കഴിയില്ലെന്നും സുനീഷയുടെ ശബ്ദരേഖയിൽ പറഞ്ഞിരുന്നു. ഒന്നര വർഷം മുമ്പാണ് സുനീഷയും വീജീഷും തമ്മിൽ വിവാഹിതരാകുന്നത്. പ്രണയ വിവാഹമായതു കൊണ്ട് ഇരു വീട്ടുകാരും തമ്മിൽ ഏറെക്കാലം അകൽച്ചയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.