കൊല്ലം: മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്ന, അത്യപൂർവമായ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരൻ. ശിക്ഷ ബുധനാഴ്ച വിധിക്കും. കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിധി പ്രസ്താവിച്ചത്. സംസ്ഥാനത്ത് ആദ്യമായിട്ടായിരുന്നു ഇത്തരമൊരു സംഭവം. ജീവനുള്ള വസ്തു കൊലപാതകത്തിന് ഉപയോഗിെച്ചന്ന അപൂർവതയും കേസിനുണ്ട്.
അഞ്ചൽ ഏറം വെള്ളശ്ശേരിയിൽ വിജയസേനൻ- മണിമേഖല ദമ്പതികളുടെ മകൾ ഉത്രയെ (22) സ്വത്ത് തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഭർത്താവ് മൂർഖൻപാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊെന്നന്നായിരുന്നു കേസ്. ഗൂഢാലോചനയോടെയുള്ള കൊലപാതകം (302), നരഹത്യാശ്രമം (307), വിഷം നൽകൽ (328), തെളിവുനശിപ്പിക്കൽ (201) എന്നിവ പ്രകാരമുള്ള കേസിൽ പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളെല്ലാം ശരിയെന്ന് കോടതി കണ്ടെത്തി.
അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വിചിത്രവും പൈശാചികവും ദാരുണവുമായ കേസാണിത്. സമൂഹ മനഃസാക്ഷിയെ അലോസരപ്പെടുത്തിയ കേസിൽ, സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധി ആയിരിക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
2020 മേയ് ഏഴിന് രാവിലെയാണ് ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ പാമ്പ് കടിച്ച് മരിച്ചനിലയിൽ കണ്ടെത്തിയത്. തലേന്ന്, സന്ധ്യക്ക് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി കൊടുത്ത ശേഷം രാത്രി 11 ഓടെ, നേരേത്ത മുറിയിൽ സൂക്ഷിച്ചിരുന്ന മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഉത്രയെ സൂരജ് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനുമുമ്പ് മാർച്ച് രണ്ടിന് അടൂർ പറക്കോട്ടുള്ള സൂരജിെൻറ വീട്ടിൽ െവച്ചും അണലിയെക്കൊണ്ട് ഉത്രയെ കടിപ്പിച്ചിരുന്നു.
സൂരജ് ഇടക്കിടെ പണം ആവശ്യപ്പെടുന്നതിനാൽ ഉത്രയുടെ വീട്ടുകാരുമായി അസ്വാരസ്യമുണ്ടായിരുന്നു. അതുകൊണ്ടാണ് രണ്ടാം തവണയും പാമ്പ് കടിച്ചപ്പോൾ വീട്ടുകാർക്ക് സംശയം തോന്നിയത്. ദുരൂഹത സംബന്ധിച്ച് ഏഴിനുതന്നെ ഉത്രയുടെ സഹോദരൻ അഞ്ചൽ പൊലീസിന് മൊഴി നൽകി. പക്ഷേ അന്വേഷണം കാര്യമായി നടന്നില്ല. 21ന് വീണ്ടും പരാതി നൽകി. തൊട്ടടുത്ത ദിവസം അന്നത്തെ റൂറൽ എസ്.പി ആർ. ഹരിശങ്കറിനെയും സമീപിച്ചു. 24ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഉത്രയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായതോടെ സൂരജിനെ 25ന് അറസ്റ്റ് ചെയ്തു.
ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കടിച്ച പാമ്പിെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, രാസപരിശോധനാഫലങ്ങൾ, മൊബൈൽ ഫോണുകളുടെ േഫാറൻസിക് പരിശോധന, പാമ്പ് സ്വമേധയാ കടിക്കുകയും വേദനിപ്പിച്ച് കടുപ്പിക്കുമ്പോഴുമുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ഡമ്മി പരീക്ഷണം എന്നിവ നടത്തി. കുറ്റകൃത്യത്തിെൻറ അപൂർവത പോലെ, ഇത്തരത്തിലുള്ള അന്വേഷണവും തെളിവുശേഖരണവും മറ്റൊരു അപൂർവതയായി. കഴിഞ്ഞവർഷം ആഗസ്റ്റ് 14നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കൊല്ലം റൂറൽ എസ്.പി ആയിരുന്ന ആർ. ഹരിശങ്കറിെൻറ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. അശോകനാണ് കേസ് അന്വേഷിച്ചത്. അഡ്വ. ജി. മോഹൻരാജാണ് കേസിെൻറ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.