കൊച്ചി: ശോഭ സുരേന്ദ്രനെ പുറത്താക്കാൻ നീക്കം നടത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രന് കോർ കമ്മിറ്റിയിൽ തിരിച്ചടി. കോർ കമ്മിറ്റിക്ക് മുമ്പ് സുരേന്ദ്രെൻറ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് ശോഭക്കെതിരെ സ്വീകരിക്കേണ്ട നടപടി ആലോചിച്ചിരുന്നു. അതിലെ തീരുമാനങ്ങൾ കോർ കമ്മിറ്റിയിൽ അവതരിപ്പിച്ചു.
എം.ടി. രമേശ് ഒഴികെ മൂന്നു ജനറൽ സെക്രട്ടറിമാർ പിന്താങ്ങി. കൃഷ്ണദാസ് പക്ഷവും കേന്ദ്ര നേതൃത്വവും മുതിർന്ന േനതാക്കളും ശോഭക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചു.സംഘടന പ്രവർത്തനത്തിൽ വ്യക്തിവിരോധം സംസ്ഥാന പ്രസിഡൻറ് പദവി വഹിക്കുന്നയാൾക്ക് ചേർന്നതല്ലെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.
ശോഭയെ പ്രവർത്തനരംഗത്തുനിന്ന് മാറ്റിനിർത്തിയത് എന്തിന്, തെരഞ്ഞെടുപ്പിലും അതിന് മുമ്പും എന്തായിരുന്നു അവർക്ക് ചുമതല, സംസ്ഥാന പര്യടനം നടത്തുന്ന നേതാക്കളുടെ പട്ടികയിൽ ശോഭയെ ഉൾപ്പെടുത്തിയിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് മൗനമായിരുന്നു സുരേന്ദ്രെൻറ മറുപടി. സുരേന്ദ്രനും വി. മുരളീധരനും തീരുമാനങ്ങൾ പാർട്ടിയിൽ അടിച്ചേൽപിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കൃഷ്ണദാസ് പക്ഷവും ശോഭ സുരേന്ദ്രൻ അനുകൂലികളും ആവശ്യപ്പെട്ടു.
മികച്ച അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടമായത്. ഒരു കേന്ദ്രമന്ത്രിയും മൂന്ന് എം.പിമാരും കേരളത്തിലുണ്ടായിട്ടും നല്ല ഫലമുണ്ടാക്കാൻ സാധിച്ചില്ല. ഇത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ച് ചർച്ച നടക്കണം. 1200 സീറ്റിൽ പരാജയപ്പെട്ടത് ശോഭ ഇറങ്ങാത്തത് കൊണ്ടാണെങ്കിൽ സുരേന്ദ്രൻ രാജിവെച്ച് ശോഭയെ പ്രസിഡൻറാക്കണമെന്ന് പറഞ്ഞ് ചർച്ച ചൂടുപിടിച്ചതോടെ മറ്റ് നേതാക്കൾ ഇടപെട്ട് ശാന്തമാക്കി.
പാർട്ടി സംവിധാനം കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുന്നതിൽ സുരേന്ദ്രൻ കൂടുതൽ ശ്രദ്ധിക്കണമെന്ന നിർദേശമാണ് കേന്ദ്ര നേതൃത്വം മുന്നോട്ടുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.