പയ്യന്നൂർ: ലോക അത് ലറ്റിക്സിൽ ഇന്ത്യയുടെ പേര് അടയാളപ്പെടുത്തിയ പി.ടി. ഉഷ ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് നടത്തിയ പ്രസ്താവനക്കെതിതിരെ സുരേന്ദ്രൻ കൂക്കാനത്തിന്റെ ഒറ്റയാൾ പ്രതിഷേധം. പയ്യന്നൂർ ഗാന്ധി പാർക്കിൽ നിന്ന് പിറകോട്ട് ഓടിയാണ് ശിൽപിയും ചിത്രകാരനുമായ സുരേന്ദ്രൻ പ്രതിഷേധിച്ചത്.
മുന്നോട്ടോടി ഇന്ത്യയുടെ യശസ്സുയർത്തിയ ഉഷ ഇപ്പോൾ നടത്തിയ പ്രസ്താവനയിലൂടെ പിറകോട്ടാണ് സഞ്ചരിക്കുന്നതെന്ന് ബോധ്യപ്പെടുത്തുകയാണ് ഓട്ടത്തിന്റെ ലക്ഷ്യമെന്ന് സുരേന്ദ്രൻ 'മാധ്യമ'ത്തോടു പറഞ്ഞു. തങ്ങളെ പിഡിപ്പിച്ചവർക്കെതിരെ പ്രതിഷേധമുയർത്തിയ വനിത ഗുസ്തിതാരങ്ങളുടെ സമരത്തെ അവഹേളിക്കുകയായിരുന്നു പി.ടി. ഉഷ. ഇതാണ് പിന്നോട്ടോടി പ്രധിഷേധിക്കാൻ കാരണമെന്ന് അദ്ദേഹം പറയുന്നു.
നിരവധി സംഭവങ്ങളിൽ സുരേന്ദ്രൻ ഒറ്റക്ക് പ്രതിഷേധിച്ച് അധികൃതരുടെ കണ്ണുതുറപ്പിക്കാറുണ്ട്. ആദിവാസി യുവാവ് മധു വധക്കേസിലെ സാക്ഷികൾ കൂറുമാറിയപ്പോൾ മധുവിന്റെ വേഷം ധരിച്ച് നഗരത്തിൽ സാക്ഷികൾക്കെതിരെ പ്രതിഷേധിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരെ ശരീരം കാൻവാസാക്കിയാണ് പ്രതിഷേധിച്ചത്. എൻഡോസൾഫാൻ ഇരകളോട് സർക്കാർ വാക്കുപാലിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് സ്വന്തം ശരീരം ഒപ്പുമരമാക്കി അധികൃതരുടെ കണ്ണു തുറപ്പിച്ചു.
പാരിസ്ഥിതിക പ്രശ്നങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിച്ച കലാകാരനാണ് സുരേന്ദ്രൻ. വീടിന് സമീപത്തെ കുറുവൻകുന്ന് കുന്ന് ഇടിച്ചു നിരത്തിയപ്പോൾ കുന്നിൻ മുകളിൽ കയറി നാറാണത്തു ഭ്രാന്തനെപ്പോലെ കല്ലുരുട്ടി പ്രതിഷേധിച്ചു. ഒടുവിൽ സ്വന്തമായുള്ള 10 സെന്റ് സ്ഥത്ത് കുന്ന് പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. സ്വന്തമായി നിരവധി ലഘുചിത്രങ്ങൾ സംവിധാനം ചെയ്യുകയും സിനിമകളിൽ വേഷമിടുകയും ചെയ്തു. മധുവിനെക്കുറിച്ചുള്ള ലഘുചിത്രത്തിൽ മധുവായി വേഷമിട്ടതും ഇദ്ദേഹം തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.