സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യഹരജി: ഹൈകോടതി സർക്കാർ നിലപാട് തേടി

കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ നടനും മുൻ എം.പിയുമായ സുരേഷ് ഗോപി നൽകിയ മുൻകൂർജാമ്യ ഹരജിയിൽ ഹൈകോടതി സർക്കാർ നിലപാട് തേടി. ഹരജി ജനുവരി എട്ടിന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സി. പ്രതീപ് കുമാറാണ് ഹരജി പരിഗണിച്ചത്.

കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടൽ ലോബിയിൽ ഒക്ടോബർ 27ന് മാധ്യമങ്ങളോട് സംസാരിക്കവേ സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയതിനാണ് കേസ്. കോഴിക്കോട് നടക്കാവ് പൊലീസ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 354-എയിലുള്ള രണ്ട് ഉപവകുപ്പുകളനുസരിച്ച് സുരേഷ് ഗോപിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുക്കുകയും നവംബർ 18ന് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

കേസിൽ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം (ഐ.പി.സി സെക്ഷൻ 354) കൂടി ചുമത്തിയെന്നും അഞ്ചുവർഷംവരെ തടവു ലഭിക്കാവുന്ന ജാമ്യമില്ലാത്ത കുറ്റമാണിതെന്നതിനാൽ അറസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്നും സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പണം നഷ്ടപ്പെട്ട നിക്ഷേപകർക്കുവേണ്ടി കരുവന്നൂരിൽനിന്ന് തൃശൂരിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയതിലുള്ള വൈരാഗ്യമാണ് കേസെടുക്കാൻ കാരണമെന്നും സുരേഷ് ഗോപി ജാമ്യാപേക്ഷയിൽ ആരോപിച്ചു.

ജനുവരി 17ന് മകളുടെ വിവാഹം ഗുരുവായൂരിലും തിരുവനന്തപുരത്ത് വിരുന്നും നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ തനിക്ക് മുൻകൂർ ജാമ്യം നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. വാഹനനികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് മറ്റൊരു കേസും തനിക്കെതിരെയുണ്ട്. രാഷ്ട്രീയ താൽപര്യങ്ങളാണ് തനിക്കെതിരായ കേസുകൾക്ക് പിന്നിലെന്നും ഹരജിയിൽ പറയുന്നു.

Tags:    
News Summary - Suresh Gopi's anticipatory bail plea: High Court seeks government stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.