തിരുവനന്തപുരം: കൊല്‍ക്കത്തയിലെ സത്യജിത് റായ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അധ്യക്ഷനായുള്ള നടൻ സുരേഷ് ഗോപിയുടെ അപ്രതീക്ഷിത നിയമനം പാർട്ടിക്കുള്ളിലെ ചരടുവലിയെന്ന് സംശയം. തൃശൂരിൽനിന്ന് ഒരിക്കൽകൂടി ലോക്സഭയിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെയാണ് സുരേഷ് ഗോപിയുടെ പുതിയ നിയമനം. തൃശൂരിൽ കണ്ണുവെച്ച ആരുടെയെങ്കിലും കളിയാണോ എന്നതാണ് അദ്ദേഹവുമായി അടുപ്പമുള്ളവരുടെ സംശയം. പുതിയ നിയമനത്തിൽ സുരേഷ് ഗോപി അതൃപ്തനാണ്. പദവി സംബന്ധിച്ച് സുരേഷ്ഗോപിയുമായി പാർട്ടി നേതൃത്വം ആലോചന നടത്തിയിരുന്നില്ല.
കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ എക്സ് പ്ലാറ്റ്ഫോമിലാണ് നിയമനം അറിയിച്ചത്. തന്നോട് ആലോചിക്കാതെ നൽകിയ പദവി ഏറ്റെടുക്കുന്ന കാര്യത്തിൽ കേന്ദ്ര നേതൃത്വവുമായി സംസാരിച്ചശേഷം മാത്രം തീരുമാനമെന്നാണ് സുരേഷ് ഗോപിയുടെ നിലപാട്. എന്നാൽ, ഇതേക്കുറിച്ച് പരസ്യപ്രതികരണത്തിന് തയാറല്ല. അതേസമയം, ഹിന്ദുത്വ വിഭജന രാഷ്ട്രീയത്തിന്റെ പ്രയോക്താവായ സുരേഷ് ഗോപിയെ മതേതര, സ്വതന്ത്ര ചിന്തയുടെ പാരമ്പര്യമുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് അംഗീകരിക്കല്ലെന്ന് വ്യക്തമാക്കി എസ്.ആർ.എഫ്.ടി.ഐ വിദ്യാർഥി യൂനിയൻ രംഗത്തുവന്നിട്ടുണ്ട്. പദവി ഏറ്റെടുക്കാൻ വിസ്സമ്മതിക്കുന്നതിന് വിദ്യാർഥികളുടെ പ്രതിഷേധവും കാരണമാണ്.
കേരളത്തിൽ ബി.ജെ.പി പ്രതീക്ഷവെക്കുന്ന മണ്ഡലമാണ് തൃശൂർ. തൃശൂരിൽ വീണ്ടും മത്സരിക്കുമെന്ന് അമിത് ഷാ പങ്കെടുത്ത പൊതുപരിപാടിയില്‍ പ്രഖ്യാപിച്ച സുരേഷ് ഗോപി മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനത്തിലാണ്. അതേസമയം, സുരേഷ് ഗോപിയുടെ നിയമനവുമായി ബന്ധപ്പെട്ട വാർത്തകൾ നിഷേധിച്ച് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ രംഗത്തെത്തി. പാലാക്കാരനായ കോണ്‍ഗ്രസ് നേതാവാണ് ആദ്യം ഈ വിഷയം എടുത്തിട്ടതെന്നും പിന്നീട് മാധ്യമങ്ങള്‍ അതേറ്റുപിടിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു. ഇത് കോണ്‍ഗ്രസ് അജണ്ടയാണ്. തൃശൂരില്‍ പ്രതാപന്റെ വിജയം ഉറപ്പുവരുത്താനാണ് നീക്കമെന്നും സുരേന്ദ്രൻ പറഞ്ഞു. സുരേഷ് ഗോപി തന്നെ വിഷയത്തില്‍ പ്രതികരിക്കുമെന്നായിരുന്നു മുതിര്‍ന്ന നേതാവ് പി.കെ. കൃഷ്ണദാസിന്റെ പ്രതികരണം.
ന്യൂഡൽഹി: ഹിന്ദുത്വ രാഷ്ട്രീയത്തോട് ചേർന്നുനിൽക്കുന്ന, രാജ്യത്തിന്റെ മതേതര ഘടനയെ വെല്ലുവിളിക്കുന്ന പ്രസ്താവനകൾ നടത്തിയ ആളാണ് സുരേഷ് ഗോപിയെന്നും അദ്ദേഹത്തെ സത്യജിത് റായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട്(എസ്.ആർ.എഫ്.ടി.ഐ) അധ്യക്ഷനായി നിയമിക്കാനുള്ള തീരുമാനം ആശങ്കജനമാണെന്നും എസ്.ആർ.എഫ്.ടി.ഐ വിദ്യാർഥി യൂനിയൻ. കലാസ്വാതന്ത്ര്യവും ബഹുസ്വരതയുമെല്ലാമുള്ള ഒരാളായിരിക്കണം സ്ഥാപനത്തിന്റെ തലപ്പത്തിരിക്കേണ്ടതെന്നും എസ്.ആർ.എഫ്.ടി.ഐ വിദ്യാർഥി യൂനിയൻ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
വേറിട്ട ശ്രദ്ധേയ സിനിമകളും സിനിമ നിർമാതാക്കളെയും സൃഷ്ടിച്ചതിന്റെ 25 വർഷത്തെ പാരമ്പര്യമുണ്ട് എസ്.ആർ.എഫ്.ടി.ഐക്ക്. സത്യജിത് റായിയുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള, കലാ-ബൗദ്ധിക മികവിന്റെ സമ്പന്ന ചരിത്രവുമുണ്ട് സ്ഥാപനത്തിന്. എസ്.ആർ.എഫ്.ടി.ഐ മുന്നോട്ടുവെക്കുന്ന കലാസ്വാതന്ത്ര്യവും ബഹുസ്വരതയും ഉൾക്കൊള്ളുന്ന ഒരാളായിരിക്കണം സ്ഥാപനത്തെ നയിക്കേണ്ടത്.
ഹിന്ദുത്വ രാഷ്ട്രീയത്തോടും ബി.ജെ.പിയോടും ചേർന്നുനിൽക്കുന്നയാളാണ് സുരേഷ് ഗോപി എന്നതാണ് ഞങ്ങളുടെ ആശങ്കയെന്നും വാർത്തക്കുറിപ്പിൽ വിദ്യാർഥി യൂനിയൻ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.