സെൽവിൻ ശേഖർ

ശസ്ത്രക്രിയ വിജയകരം; സെൽവിന്‍റെ ഹൃദയം ഇനി ഹരിനാരായണന് ജീവസ്പന്ദനമേകും

കൊച്ചി: മസ്തിഷ്‌ക മരണമടഞ്ഞ സെല്‍വിന്‍ ശേഖറിന്‍റെ (36) ഹൃദയം ഇനി ഹരിനാരായണന് (16) ജീവസ്പന്ദനമേകും. എറണാകുളം ലിസി ഹോസ്പിറ്റലിൽ ഹൃദയശസ്ത്രക്രിയ പൂർത്തിയായി. രാവിലെ 11.30ഓടെ ആരംഭിച്ച ശസ്ത്രക്രിയ നാല് മണിക്കൂർ കൊണ്ടാണ് പൂർത്തിയായത്.

സെല്‍വിന്‍ ശേഖറിന്‍റെ ഹൃദയം ഹെലികോപ്റ്റർ മാർഗമാണ് കൊച്ചിയിലെത്തിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ ഇടപെട്ട് ഹെലികോപ്റ്ററില്‍ ഹൃദയവും മറ്റ് അവയവങ്ങളും കൊച്ചിയിലെത്തിക്കുകയായിരുന്നെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. കൊച്ചി ഹെലിപാഡിൽ നിന്ന് ആശുപത്രിയിലേക്ക് ഹൃദയമെത്തിക്കാൻ ഗതാ​ഗത നിയന്ത്രണമുൾപ്പെടെ ഏർപ്പെടുത്തിയിരുന്നു.

ലിസി ആശുപത്രിയിലെ 28ാമത് ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയാണിത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശിയാണ് മസ്തിഷ്ക മരണമടഞ്ഞ സെൽവിൻ ശേഖര്‍. തമിഴ്‌നാട്ടിൽ സ്റ്റാഫ് നഴ്‌സായി ജോലിചെയ്യുകയായിരുന്നു. ഭാര്യ ഗീതയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടുത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടി. തുടർന്ന് നടന്ന പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സകള്‍ തുടരവേ വെള്ളിയാഴ്ച മസ്തിഷ്‌ക മരണമടയുകയായിരുന്നു. അവയവദാനത്തി​െൻറ മഹത്വമറിയുന്ന ഭാര്യ ഭർത്താവിന്‍റെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധതയറിയിക്കുകയായിരുന്നു.

മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ കെ സോട്ടോ വഴിയാണ് അവയവ ദാനം നിര്‍വഹിക്കുന്നത്. സെൽവിന്‍റെ ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് വെളിച്ചമാകും.

Tags:    
News Summary - surgery was successful; Selvin's heart will now beat in Harinarayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.