മഞ്ചേശ്വരം: പ്രവാസിയും പുത്തിഗെ മുഗു റോഡിൽ നസീമ മൻസിലിൽ താമസക്കാരനുമായ അബൂബക്കർ സിദ്ദീഖി (32)നെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളിൽ ചിലർ വിദേശത്തേക്ക് കടന്നതായി സൂചന. കൊലയിൽ നേരിട്ട് പങ്കാളികളായ രണ്ട് പേരുകൂടി വിദേശത്തേക്ക് കടന്നതായാണ് സൂചന. ഇതോടെ വിദേശത്തേക്ക് കടന്നവരുടെ എണ്ണം നാലായതാണ് വിവരം.
പൈവളിഗെ അധോലോക സംഘത്തലവൻ മുഹമ്മദ് റയീസ് (32) എം.എൽ.എ ഷാഫി എന്ന മുഹമ്മദ് ഷാഫി (31) എന്നിവർ നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു. ഇവർക്ക് പിന്നാലെയാണ് മറ്റു രണ്ടുപേർ കൂടി കഴിഞ്ഞ ദിവസം വിദേശത്തേക്ക് കടന്നത്.
ഡോളർ കടത്തുമായി ബന്ധപ്പെട്ട ക്വട്ടേഷൻ കൊല എന്നതിന് പുറമെ കേസിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പല സംഭവങ്ങളും കൂടി കലർന്നിരിക്കുന്നതിനാൽ നിലവിൽ കേസ് അന്വേഷണം നടത്തുന്ന ലോക്കൽ പൊലീസിലെ പ്രത്യേക അന്വേഷണ സംഘത്തിൽ നിന്നും തുടർ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നാണ് വിവരം.
വിദേശ നാണയ ചട്ട ലംഘനം, അധോലോക പ്രവർത്തനം, ഡോളർ കടത്ത്, സ്വർണ ഇടപാട് തുടങ്ങി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുന്ന പല വിഷയങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുള്ളതിനാലാണ് കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാൻ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.
ഡോളർ-സ്വർണ കടത്തും അധോലോക പ്രവർത്തനവും മൂലം പ്രതികൾ കോടികൾ സമ്പാദിച്ചതായി കണ്ടെത്തിയിരുന്നു. ഇതിന്റെ വരുമാന സ്രോതസ്സുകൾ തെളിയിച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള നടപടികളിലേക്കും സർക്കാർ നീങ്ങിയേക്കും. പൈവളിഗെ അധോലോക സംഘത്തലവൻ കഴിഞ്ഞ ആറു മാസമായി തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ കസ്റ്റഡിയിലാണ്.
അതേ സമയം, സിദ്ദിഖ് വധക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന അഞ്ചുപേരെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ അന്വേഷണ സംഘം കോടതിയിൽ ഹരജി നൽകും. തിങ്കളാഴ്ച ആണ് കോടതിയിൽ ഹരജി നൽകുക.
കേസിൽ മഞ്ചേശ്വരം ഉദ്യാവർ ജെ.എം റോഡിലെ റസീന മൻസിലിൽ റിയാസ് ഹസൻ (33), ഉപ്പള ഭഗവതി ടെമ്പിൾ റോഡിലെ റഹ് മത്ത് മൻസിലിൽ അബ്ദുൽ റസാഖ് (46), മഞ്ചേശ്വരം കുഞ്ചത്തൂർ നവാസ് മൻസിലിൽ അബൂബക്കർ സിദ്ദിഖ് (33), മഞ്ചേശ്വരം ജെ.എം റോഡിലെ അബ്ദുൽ അസീസ് (36), അബ്ദുൽ റഹീം (41) എന്നിവരാണ് അറസ്റ്റിലായി റിമാൻഡിൽ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.