മറുപടി തൃപ്തികരം; സസ്പെന്‍റ് ചെയ്ത കെ. ശിവദാസന്‍ നായരെ കോൺ​ഗ്രസ് തിരിച്ചെടുത്തു

തിരുവനന്തപുരം: അച്ചടക്ക ലംഘനത്തിന് സസ്പെന്‍റ് ചെയ്ത മുന്‍ ജനറല്‍ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ. ശിവദാസന്‍ നായരെ കോൺ​ഗ്രസ് തിരിച്ചെടുത്തു. കെ.പി.സി.സി നൽകിയ നോട്ടീസിന് കെ. ശിവദാസന്‍ നായര്‍ നൽകിയ മറുപടി തൃപ്തികരമായതിനാലും അതോടൊപ്പം അദ്ദേഹം തെററിന് ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിരിച്ചെടുത്തിരിക്കുന്നത്.

സസ്‌പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായാണ് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ അറിയിച്ചിരിക്കുന്നത്. മുന്നോട്ടുള്ള പ്രയാണത്തിൽ പാർട്ടിക്ക് കരുത്തും ശക്തിയും നൽകാൻ ശിവദാസൻ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരൻ പറഞ്ഞു.

നേതാക്കൾ പാർട്ടി വിടുന്നതുമായി ബന്ധപ്പെട്ട് മുതിർന്ന നേതാക്കൾ കെ. സുധാകരനെ കണ്ട് ആശങ്ക അറിയിച്ചതിനെ തുടർന്നാണ് വേഗത്തിൽ നടപടിയെടുത്തത് എന്നാണറിയുന്നത്. ഡി.സി.സി അധ്യക്ഷ പട്ടിക സംബന്ധിച്ച് സ്വകാര്യ ചാനലിലെ ചർച്ചക്കിടെ കെ.പി അനിൽകുമാർ നടത്തിയ രൂക്ഷവിമർശനത്തെ പിന്തുണച്ചതിനാണ് ശിവദാസൻ നായർക്കെതിരെ പാർട്ടി നടപടി എടുത്തത്. ഇതോടൊപ്പം സസ്പെന്‍റ് ചെയ്ത കെ.പി അനിൽകുമാർ സി.പി.എമ്മിൽ ചേർന്നിരുന്നു.

സസ്പെൻഷൻ പിൻവലിച്ചതിൽ സന്തോഷമുണ്ടെന്ന് ശിവദാസൻ നായർ പ്രതികരിച്ചു. പാർട്ടിയെ ശക്തിപ്പെടുത്താൻ തുടർന്നും ശ്രമിക്കും എന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Suspended K. Sivadasan Nair was recalled by the Congress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.