കുമളി: സമൂഹമാധ്യമങ്ങൾ വഴി സ്ത്രീകളെ വലയിലാക്കി പീഡനവും പണം തട്ടിയെടുക്കലും പതിവാക്കിയ പ്രതികളെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പീരുമേട് ഡിവൈ.എസ്.പി ജെ. കുര്യാക്കോസിനെ സംസ്ഥാന പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
കുമളി പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ മേയ് ഒമ്പതിന് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കട്ടപ്പനയിൽ വ്യാപാര സ്ഥാപനം നടത്തിവന്ന പാലാ പൂവരണി മോളോപറമ്പിൽ മാത്യു ജോസ് (36), കടയിലെ സഹായി കുമളി ചെങ്കര കുരിശുമല സ്വദേശി കെ. സക്കീർ മോൻ (24) എന്നിവരാണ് പീഡനക്കേസിൽ അറസ്റ്റിലായ പ്രതികൾ.
രാജസ്ഥാൻ സ്വദേശിനിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് കുമളിയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും ചെയ്തതായി വ്യക്തമായിരുന്നു. ഇതിനു ശേഷം നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 600 ഗ്രാം സ്വർണം ഉൾപ്പെടെ 35 ലക്ഷത്തോളം രൂപ പ്രതികൾ തട്ടിയെടുത്തു.
ഒളിവിൽ പോയ പ്രതികളെ ഇടുക്കി എസ്.പിയുടെ പ്രത്യേക സ്ക്വാഡ് ജൂൺ 15ന് മധുരയിൽനിന്നാണ് പിടികൂടിയത്. ഗുരുതര കുറ്റങ്ങൾ ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിവിൽ പോകാൻ ഡിവൈ.എസ്.പിയുടെ നടപടി സഹായിച്ചെന്നാണ് എ.ഡി.ജി.പി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പരാതി ലഭിച്ച് ദിവസങ്ങൾക്കുള്ളിൽ കട്ടപ്പനയിലെ കടയും വീടുംപൊലീസ് പരിശോധിച്ച് മൊബൈൽ ഫോണുകൾ, ഐപാഡ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.