തിരുവനന്തപുരം: സി.പി.എമ്മിനെയും നേതാക്കളെയും കൂടുതൽ കുരുക്കിലാക്കി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മാനനഷ്ടക്കേസ് കൊടുക്കാൻ വെല്ലുവിളിച്ച് സ്വപ്ന കളത്തിലേക്കിറങ്ങുന്നത് ഗവർണറുമായുള്ള തർക്കത്തിനിടയിൽ സി.പി.എമ്മിന് മറ്റൊരു തലവേദനയായി.
മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയെന്ന നിലയിലാണ് സ്വപ്നയുടെ ഫേസ്ബുക്കിലൂടെയുള്ള മറുപടി. ശ്രീരാമകൃഷ്ണന്‍റെ ചിത്രങ്ങൾ ഉൾപ്പെടെ ചേർത്താണ് സ്വപ്നയുടെ വെല്ലുവിളി.
ശ്രീരാമകൃഷ്ണൻ ബെഡ്റൂമിൽ കിടക്കുന്നതുൾപ്പെടെ തനിക്കയച്ച ഫോട്ടോകളാണ് ഇതെന്നാണ് സ്വപ്ന പറയുന്നത്. മാനനഷ്ടക്കേസ് കൊടുക്കാൻ തയാറാണോയെന്നും കൊടുത്താൽ കൂടുതൽ തെളിവുകൾ കോടതിയിൽ ഹാജരാക്കുമെന്നാണ് സ്വപ്നയുടെ വെല്ലുവിളി.
ഒറ്റക്ക് ഔദ്യോഗിക വസതിയിലെത്താൻ ശ്രീരാമകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വസതിയിൽ വെച്ച് ഒരുമിച്ച് മദ്യപിച്ചിട്ടുണ്ടെന്നും ഉൾപ്പെടെയുള്ള സ്വപ്നയുടെ ആരോപണങ്ങൾ ശ്രീരാമകൃഷ്ണൻ ഇന്നലെ രാവിലെ തള്ളിയിരുന്നു.
അതിനുപിന്നാലെയാണ് സാമൂഹിക മാധ്യമത്തിൽ ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങൾ സ്വപ്ന പങ്കുവെച്ചത്. ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കെ ഓഫിസിൽ എത്തിയതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്വപ്ന കഴിഞ്ഞദിവസങ്ങളിൽ സ്വകാര്യ ചാനലുകൾക്കനുവദിച്ച അഭിമുഖങ്ങളിൽ മുൻമന്ത്രിമാരായിരുന്ന ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെ ഗുരുതരമായ ആക്ഷേപമാണ് ഉന്നയിച്ചത്.
സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചുവെന്നതുൾപ്പെടെ വകുപ്പുകൾ ചുമത്തി കേസെടുക്കാൻ കഴിയുന്ന ആക്ഷേപങ്ങളാണ് ഉന്നയിക്കപ്പെട്ടത്.
എന്നാൽ സ്വപ്ന ബി.ജെ.പിയുടെ പാവയായി പ്രവർത്തിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഈ ആക്ഷേപങ്ങളിൽ നിന്ന് തലയൂരുകയാണ് ആരോപണവിധേയരും പാർട്ടിയും. കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്ന സ്വപ്നയുടെ ഭീഷണി സി.പി.എമ്മിന്‍റെ നെഞ്ചിടിപ്പ് വർധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.