കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ഗുരുതര ആരോപണവുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. നിരോധിതവും തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതുമായ സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യു.എ.ഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടെന്ന് സ്വപ്ന സുരേഷ് ആരോപിച്ചു.
കോൺസൽ ജനറലിന്‍റെ ആവശ്യപ്രകാരമാണ് യു.എ.ഇ പൗരനെ വിട്ടയച്ചത്. ഇതിനായി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കർ വഴിയാണ് ഇടപെടൽ നടത്തിയത്. നിരോധിത സാറ്റലൈറ്റ് ഫോണുമായി യു.എ.ഇ പൗരൻ അഞ്ച് ദിവസം കേരളത്തിൽ കഴിഞ്ഞ സംഭവത്തിൽ തുടരന്വേഷണം നടത്തിയില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് യു.എ.ഇ പൗരനെ സി.ഐ.എസ്.എഫ് പിടികൂടുന്നത്. തുടർന്ന് നെടുമ്പാശേരി പൊലീസിന് ഇയാളെ കൈമാറി. യു.എ.ഇ പൗരനായത് കൊണ്ട് കോൺസുൽ ജനറലിനെ വിവരം അറിയിച്ചു. തുടർന്ന് മുഖ്യമന്ത്രിയെ ഈ വിവരം അറിയിച്ചു. കോൺസുൽ ജനറലിലെ നിർദേശ പ്രകാരം ശിവശങ്കറിനോട് കാര്യങ്ങൾ പറഞ്ഞു.
മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം ബന്ധപ്പെട്ട ശിവശങ്കർ കോൺസൽ ഓഫിസിൽ നിന്ന് പ്രതിനിധിയെ നെടുമ്പാശേരി സ്റ്റേഷനിലേക്ക് വിടാൻ പറയുകയും ഇതുപ്രകാരം പി.ആർ.ഒയെ അയക്കുകയും ചെയ്തു. പൊലീസ് ഓഫിസർ എഴുതി കൊടുത്ത സത്യവാങ്മൂലത്തിന്‍റെ മാതൃകയിൽ കോൺസുലേറ്റിന്‍റെ ലെറ്റർപാഡിൽ എഴുതി നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് ലെറ്റർപാഡിൽ എഴുതി കോൺസുൽ ജനറൽ ഒപ്പിട്ട സത്യവാങ്മൂലത്തിന്‍റെ കോപ്പി പി.ആർ.ഒക്ക് വാട്ട്സ്ആപ്പിലൂടെ അയച്ചു കൊടുത്തു.
നിരോധിതവും തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതുമായ സാറ്റലൈറ്റ് ഫോണുമായി ദിവസങ്ങളോളം എന്താണ് ചെയ്തതെന്ന് അന്വേഷണം നടത്താതെയാണ് യു.എ.ഇ പൗരനെ രാജ്യം വിടാൻ അനുവദിച്ചത്. ഒരു തീവ്രവാദിയെ രക്ഷപ്പെടാൻ മുഖ്യമന്ത്രി സഹായിക്കുകയാണ് ചെയ്തത്. ഇതിന് മുഖ്യമന്ത്രി മറുപടി പറയാൻ ബാധ്യതയുണ്ട്.
മകൾ വീണയുടെ വ്യക്തിപരവും സാമ്പത്തികവുമായി നേട്ടത്തിന് വേണ്ടിയാണ് ഇതെല്ലാം ചെയ്തത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന്‍റെ ഓഫീസും നടത്തിയ കൂടുതൽ ഇടപെടലുകളെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവിടുമെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.