മകളെ സ്വപ്ന അപകീർത്തിപ്പെടുത്തിയിട്ടും മുഖ്യമന്ത്രി നിയമപരമായി നേരിടാത്തത് ദുരൂഹം -കെ. സുധാകരന്‍

തിരുവനന്തപുരം: മകളെയും കുടുംബത്തെയും പൊതുജനമധ്യത്തില്‍ ആക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണം സ്വർണക്കടത്ത് കേസ് പ്രതികളിലൊരാളായ സ്വപ്‌ന അച്ചടിച്ച് വിതരണം ചെയ്തിട്ടും അതിനെ നിയമപരമായി നേരിടാനുള്ള ആത്മധൈര്യം പിണറായി വിജയന്‍ ഇതുവരെ കാട്ടാത്തത് ദുരൂഹവും ചില സംശയങ്ങള്‍ ബലപ്പെടുത്തുന്നതുമാണെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി.

'ചതിയുടെ പത്മവ്യൂഹം' എന്ന ആത്മകഥയിലൂടെ മുഖ്യമന്ത്രിക്കും മകള്‍ക്കും എതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണം. അധികാരത്തിന്റെ തണലില്‍ സംസ്ഥാനത്തെ ഉന്നതര്‍ നടത്തിയ തട്ടിപ്പുകളിലേക്ക് വെളിച്ചം വീശുന്ന കുമ്പസാരമാണ് പ്രതികളിലൊരാളായ സ്വപ്നയുടെ ആത്മകഥ. ഒരിക്കല്‍ ബിരിയാണി ചെമ്പ് തുറന്ന് കുറച്ച് കാര്യങ്ങള്‍ സ്വപ്‌ന പറഞ്ഞിരുന്നു.

തുടര്‍ന്ന് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ അപ്രതീക്ഷിത നീക്കങ്ങളും ആരോപണം ഉന്നയിക്കുന്ന സ്വപ്‌നയെ നിശബ്ദമാക്കാനുള്ള ചില നടപടികളും സ്വര്‍ണ്ണക്കടത്ത് കേസിലെ വിവാദ നായകനായ എം. ശിവശങ്കറെ വെള്ളപൂശി അധികാര കസേരയില്‍ പ്രതിഷ്ഠിച്ചതിലെ വ്യഗ്രതയും കൂട്ടിവായിക്കുമ്പോള്‍ സ്വപ്നയുടെ തുറന്നുപറച്ചിലുകള്‍ വെറുതെയങ്ങ് തള്ളിക്കളയാന്‍ കഴിയുന്നവയല്ലെന്ന് കേരളീയ സമൂഹത്തിന് ബോധ്യമായെന്നും സുധാകരന്‍ പറഞ്ഞു.

പുത്രവാത്സല്യത്താല്‍ അന്ധനായ ധൃതരാഷ്ട്രരെപ്പോലെ പുത്രീവാത്സല്യത്താല്‍ മുഖ്യമന്ത്രി പലപ്പോഴും സത്യങ്ങള്‍ക്ക് നേരെ മുഖം തിരിക്കുകയാണ്. മകള്‍ക്കെതിരായ ആരോപണത്തെ തുടക്കം മുതല്‍ വൈകാരികമായി നിയമസഭയ്ക്കകത്തും പുറത്തും നേരിടാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സ്പ്രിംഗ്ളര്‍ ഇടപാടിലൂടെ കോടികള്‍ മകള്‍ക്ക് കമ്മീഷന്‍ ലഭിച്ചെന്ന ആരോപണം ശക്തമായി സ്വപ്ന ഉന്നയിക്കുമ്പോള്‍ അത് തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

അല്ലാതെ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം വന്നില്ലെന്ന് വാദിച്ച് പ്രതിരോധിച്ചിട്ട് കാര്യമില്ല. സ്പ്രിംഗ്ളര്‍ ഇടപാടില്‍ പ്രതിപക്ഷ ആരോപണം ശരിവെച്ച മാധവന്‍ നമ്പ്യാര്‍ സമിതിയുടെ റിപ്പോര്‍ട്ട് അട്ടിമറിച്ച് ശശിധരന്‍ നായരുടെ നേതൃത്വത്തില്‍ രണ്ടാമതൊരു ഉദ്യോഗസ്ഥതല സമിതിയെ നിയോഗിച്ച് ശിവശങ്കറിനെയും കരാറിനെയും പ്രശംസിച്ച് മംഗളപത്രം തയ്യാറാക്കിയതും കൃത്യമായ തിരക്കഥയുടെ ഭാഗമാണ്.

സര്‍ക്കാര്‍ പരിരക്ഷയോടെ സംരംഭകയും ആരോപണ വിധേയയുമായ മകളെയും കൂട്ടി മുഖ്യമന്ത്രിയുടെ ഉല്ലാസ വിദേശയാത്ര യാദൃശ്ചികമെന്ന് കരുതാന്‍ കഴിയില്ല. വിദേശയാത്രയിലെ മകളുടെ സാന്നിധ്യവും ഉദ്ദേശശുദ്ധിയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം. സ്വര്‍ണ്ണകടത്തിനും ഡോളര്‍കടത്തിനും സ്പ്രിംഗ്ളര്‍, ലൈഫ് പദ്ധതി ഉള്‍പ്പെടെയുള്ള മറ്റു ക്രമവിരുദ്ധമായ ഇടപാടുകള്‍ നടത്തുന്നതിനും മുഖ്യസൂത്രധാരനെന്ന് ആരോപണം നേരിടുന്ന എം. ശിവശങ്കറെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതിന് പിന്നില്‍ മകളോടുള്ള അമിത വാത്സല്യമാണെന്ന അരമന രഹസ്യം അങ്ങാടിപാട്ടാണെന്നും അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ശിവശങ്കറെ ഔദ്യോഗിക പദവികളില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - Swapna Suresh's book Chathiyude Padmavyuham: K Sudhakaran against Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.