ജീവനക്കാരുടെ പണംകൊണ്ട് വാങ്ങിയ സ്വിഫ്റ്റ് ഹൈബ്രിഡ് ബസ് 26 മുതൽ നിരത്തിൽ; ഒറ്റബസിൽ തന്നെ ബർത്തും സീറ്റും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിലെ ജീവനക്കാരിൽനിന്ന് കരുതൽ ധനമായി സമാഹരിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ ഹൈബ്രിഡ് ബസുകൾ 26 മുതൽ നിരത്തിലേക്ക്. ഒരേ ബസിൽതന്നെ ഇരുന്ന് യാത്ര ചെയ്യാനും കിടന്ന് യാത്രചെയ്യാനും സൗകര്യമുണ്ടെന്നതാണ് (സീറ്റർ കം സ്ലീപ്പർ) ഹൈബ്രിഡ് ബസിന്‍റെ പ്രത്യേകത.

ഇത്തരത്തിൽ രണ്ട് ബസുകളാണ് നിരത്തിലേക്കെത്തുന്നത്. ഒന്ന് എ.സിയും മറ്റൊന്ന് നോൺ എ.സിയും. നിലവിലെ സിഫ്റ്റ് ബസുകളിൽനിന്ന് വിഭന്നമായി പുതിയ രീതിയാണ് ഹൈബ്രിഡ് ബസിന്‍റെ രൂപകൽപന. 27 സീറ്ററുകളും 15 സ്ലീപ്പർ സീറ്റുകളുമാണ് ബസിലുള്ളത്. എല്ലാ സീറ്റിലും ബെർത്തുകളിൽ ചാർജിങ് സൗകര്യം, മൊബൈൽ ഫോൺ സൂക്ഷിക്കാൻ മൊബൈൽ പൗച്ച്, ചെറിയ ഹാൻഡ് ബാഗേജുകൽ സൂക്ഷിക്കാൻ ലഗേജ് സ്പേസ് ഉൾപ്പെടെ സൗകര്യങ്ങളുണ്ട്.

12 മീറ്ററാണ് ബസിന്‍റെ നീളം. സുരക്ഷക്ക് രണ്ട് എമർജൻസി വാതിലുകളുണ്ട്. രണ്ടാമത്തെ ഡ്രൈവർക്ക് വിശ്രമിക്കാൻ ഡ്രൈവർ കാബിനിൽതന്നെ സൗകര്യമുണ്ട്. കൂടാതെ ഓൺലൈൻ ട്രാക്കിങ് സംവിധാനവും ഐ- അലർട്ടും ഒരുക്കിയിട്ടുണ്ട്. നാല് വശത്തും എൽ.ഇ.ഡി ഡിസ്പ്ലേ ബോർഡുകളും.

കെ.എസ്.ആർ.ടി.സിയിൽ ആദ്യമായാണ് ഹൈബ്രിഡ് ബസ് അവതരിപ്പിക്കുന്നത്. യാത്രക്കാരിൽനിന്നുള്ള പ്രതികരണം അനുസരിച്ച് ഇതേ രൂപകൽപനയിൽ കൂടുതൽ ബസുകളിറക്കാനാണ് ആലോചന. സ്വിഫ്റ്റ് ബസിൽ ജീവനക്കാരെ നിയോഗിക്കുമ്പോൾ നിശ്ചിത തുക ഡെപ്പോസിറ്റായി വാങ്ങാറുണ്ട്. ഈ തുകയാണ് ഹൈബ്രിഡ് ബസ് വാങ്ങാനായി വിനിയോഗിച്ചത്.

കരുതൽ ധനം ബാങ്കിൽ ഇടുന്നതിന് പകരം ഇതിൽ ലഭിക്കുന്ന ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം ജീവനക്കാർക്ക് തിരികെ നൽകും. ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളിലൂടെ ലഭിക്കുന്ന ലാഭം ജീവനക്കാർക്കുകൂടെ പങ്കുവെക്കാനാണ് മാനേജ്മെന്‍റ് ശ്രമം.

Tags:    
News Summary - Swift hybrid bus in service from 26

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.