കെ.ടി. ജലീൽ ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുള്ളയാളും; പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയതിന് അറസ്റ്റ് ചെയ്യണമെന്ന് സിറോ മലബാർ സഭ മുഖപത്രം

തൃശൂർ: കേരളത്തിൽ തീവ്ര ഇസ്‍ലാമിക സംഘടനകളുമായി പലർക്കും കൂട്ടുകെട്ടാണെന്നും ക്രൈസ്തവസമൂഹം ഇവിടെ സുരക്ഷിതരല്ലെന്നും സിറോ മലബാർ സഭ ഇരിങ്ങാലക്കുട രൂപത. രൂപത മുഖപത്രമായ ‘കേരളസഭ’യുടെ ഏപ്രിൽ ലക്കത്തിലാണ് ആരോപണം.

കെ.ടി. ജലീൽ ക്രൈസ്തവവിരോധിയും തീവ്രവാദ വേരുകളുള്ളയാളുമാണെന്നും തലശ്ശേരി ആർച് ബിഷപ് മാർ പാംപ്ലാനിക്കെതിരെ വധഭീഷണി മുഴക്കിയ ജലീലിനെ അറസ്റ്റ് ചെയ്യണമെന്നും മുഖപത്രത്തിലെ ലേഖനം ആവശ്യപ്പെട്ടു. എൽ.ഡി.എഫിലും യു.ഡി.എഫിലും നുഴഞ്ഞുകയറിയ ജലീലിനെ പോലുള്ള തീവ്ര ഇസ്‍ലാമിസ്റ്റ് ചിന്താഗതിക്കാരെ കയറൂരിവിടുന്ന സാഹചര്യമാണെന്നും​ ‘കാണുന്നുണ്ട് കേരളം, ഭരണ-പ്രതിപക്ഷ പാർട്ടികളുടെ കക്കുകളി, തീവ്ര ഇസ്​ലാമിക കൂട്ടുകെട്ട്’ തലക്കെട്ടിലുള്ള കവർസ്റ്റോറിയിൽ പറയുന്നു.

കർഷകരുടെ വോട്ട് വാങ്ങി അധികാരത്തിലേറിയശേഷം അവരെ വഞ്ചിക്കുന്ന ഇടതു-വലത് മുന്നണികളുടെ നടപടികൾക്കെതിരെയാണ് ബിഷപ് പാംപ്ലാനി പറഞ്ഞത്. റബറിന് 300 രൂപ നൽകുന്ന പാർട്ടി ഏതായാലും അവരെ കർഷകർ തെരഞ്ഞെടുപ്പിൽ പിന്തുണക്കുമെന്ന് കർഷക സംഗമത്തിൽ ബിഷപ് പറഞ്ഞതാണ് യു.ഡി.എഫ്-ഇടതുമുന്നണികളെ വിറളി പിടിപ്പിച്ചത്.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എം.എ. ബേബിയും ബിഷപ്പിന്‍റെ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്തെങ്കിലും പൊതുസമൂഹത്തിന് മുന്നിൽ വിലപ്പോയില്ല. അപ്പോഴാണ് കടുത്ത ക്രൈസ്തവ വിരോധിയും തീവ്രവാദ വേരുകളുമുള്ള ജലീൽ രംഗത്തുവന്നത്.

തൊടുപുഴയിൽ കോളജ് അധ്യാപകന്‍റെ കൈവെട്ടിയ സംഭവത്തിലും പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട്​ ലൗജിഹാദിനെക്കുറിച്ച് പറഞ്ഞപ്പോഴും നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധം പുലർത്തിയ ജലീലിന്‍റെ വധഭീഷണി ശിക്ഷാർഹമാണ്. പിഴയും ഏഴുവർഷം വരെ തടവും കിട്ടാവുന്ന കുറ്റത്തിന് കേസെടുക്കണമെന്നും ലേഖനം ആവശ്യപ്പെട്ടു.

Tags:    
News Summary - Syro Malabar Church mouthpiece attack KT Jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.