താനൂർ: താനൂർ പൂരപ്പുഴയിൽ ബോട്ടപകടത്തിൽ 22 പേർ മരിക്കാനിടയായ സംഭവം ദൗർഭാഗ്യകരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. താനൂരിൽ അപകട സ്ഥലം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങളടക്കം ഇത്രയും ആളുകൾ അപകടത്തിൽ മരിച്ചത് നമുക്ക് ഉൾക്കൊള്ളാൻ പോലും സാധിക്കാത്തതാണ്. ഇത് മനുഷ്യ നിർമിതമായ അപകടമാണ്. സംസ്ഥാനത്ത് ഇത്തരം അപകടങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
ലൈസൻസ് ഉണ്ടെങ്കിൽ പോലും ലോകത്തൊരിടത്തും ആറ് മണിക്ക് ശേഷം ബോട്ട് സർവീസ് നടക്കില്ല. ഇത് യഥാർഥ ഉല്ലാസബോട്ടല്ല. അതിനായി രൂപമാറ്റം നടത്തിയതാണ്. ഇത് ഇവിടെ മാത്രമല്ല. സംസ്ഥാനത്തെല്ലായിടത്തും ഈ പ്രശ്നമുണ്ട്. ആരും പരിശോധിക്കാനില്ല. ഇത് സീസണാണ്. ഈ കാലത്ത് ധാരാളം ആളുകൾ ഇത്തരം ഉല്ലാസയാത്രക്കിറങ്ങും. ഓരോ ബോട്ടിലെയും ആളുകളുടെ പരിധി എത്രയാണെന്ന് ആർക്കുമറിയില്ല.
തേക്കടിയിലും തട്ടേക്കാടുമുൾപ്പെടെ നിരവധി ദുരന്തങ്ങൾ നമുക്കുണ്ടായി. എന്നിട്ടും ഇതൊന്നും പരിശോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ല എന്ന് പറയുന്നത് ഏറ്റവും ദൗർഭാഗ്യകരമാണ്. അപകടമുണ്ടായ ബോട്ട് സംബന്ധിച്ച് പല ആളുകളും പല പ്രാവശ്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയതാണ്. പരാതിപ്പെട്ടിട്ടും അത് വന്ന് പരിശോധിക്കാനൊരു സംവിധാനം നിലവിലില്ല. ഇനി എവിടെ വേണമെങ്കിലും ഇത്തരത്തിലൊരു ദുരന്തം സംഭവിക്കാം എന്നതാണ് നമ്മെ തുറിച്ചുനോക്കുന്ന വലിയ അപകടം.
അതിനാൽ അടിയന്തരിമായി എല്ലാ ബോട്ടുകളും പരിശോധിക്കാനും ലൈസൻസില്ലാത്ത ഒരു ബോട്ടുപോലും പ്രവർത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനും സാധിക്കണം. ലൈസൻസുള്ള ബോട്ടുകൾ നിബന്ധനകൾ പാലിക്കുന്നുണ്ടെന്നും സുരക്ഷാ ക്രമീകരണങ്ങൾ സ്വീകരിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. ജുഡീഷ്യൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി അതിന്റെ റിപ്പോർട്ടിൽ ഫലപ്രദമായ നടപടി ഉണ്ടാകണം. -വി.ഡി.സതീശൻ വ്യക്തമാക്കി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.