പരപ്പനങ്ങാടി: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ടിന്റെ ഉടമ അറസ്റ്റിൽ. ഒട്ടുംപുറം സ്വദേശിയും ഇപ്പോൾ താനൂർ പൊലീസ് സ്റ്റേഷന്റെ മുൻവശത്ത് താമസക്കാരനുമായ പാട്ടരകത്ത് നാസറിനെ (47) കോഴിക്കോട്ടുനിന്നാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാസറിനെ താനൂർ പൊലീസ് സ്റ്റേഷനിലെത്തിക്കും.
അപകടത്തെ തുടർന്ന് നാസറിനെതിരെ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. വാഹന പരിശോധനക്കിടെ നാസറിന്റെ വാഹനം തിങ്കളാഴ്ച എറണാകുളത്ത് പിടികൂടിയിരുന്നു. തിങ്കളാഴ്ച രാവിലെ മുതൽ കൊച്ചിയിൽ വാഹനപരിശോധന കർശനമാക്കിയിരുന്നു. നാസറിന്റെ സഹോദരൻ സലാം, അയൽവാസി മുഹമ്മദ് ഷാഫി എന്നിവർ ഉൾപ്പെടെ വാഹനത്തിലുണ്ടായിരുന്നു. ഇവർ കൊച്ചിയിൽ പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലാണ്. നാസറിന്റെ മൊബൈൽ ഫോണും ഇവരിൽനിന്ന് പിടിച്ചെടുത്തു.
പാലാരിവട്ടം പൊലീസിന്റെ കസ്റ്റഡിയിലുള്ളവരെ താനൂർ പൊലീസിന് കൈമാറും. ഡ്രൈവർ അടക്കമുള്ള നാല് ജീവനക്കാരെ പിടികൂടാനുണ്ട്. നാസർ കോഴിക്കോട്ടായിരുന്നു ഒളിവിൽ താമസിച്ചത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിട്ടുണ്ട്. അപകടത്തിൽപെട്ട ബോട്ട് നിർമാണത്തിൽ ഉൾപ്പെടെ പാകപ്പിഴകളുണ്ടെന്ന ആരോപണം ശക്തമാണ്.
മത്സ്യബന്ധനത്തിന് ഉപയോഗിച്ചിരുന്ന ബോട്ട് രൂപമാറ്റം വരുത്തിയതാണെന്നാണ് പ്രധാന ആരോപണം. പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ വെച്ചാണ് രൂപമാറ്റം നടത്തിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.