22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടപകടത്തിൽ മാധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതിക്കെതിരെ രൂക്ഷ വിമർശനവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. ഒരു വാർത്ത കൃത്യസമയത്ത് ആളുകളിലേക്കെത്തിക്കുന്നതും അത് ഉത്തരവാദിത്തത്തോടെ റിപ്പോർട്ട് ചെയ്യുന്നതും അതിനെപ്പറ്റി ചർച്ചകൾ സംഘടിപ്പിക്കുന്നതും ദൃക്സാക്ഷികളിൽനിന്ന് ബൈറ്റെടുക്കുന്നതും ഒക്കെ മനസ്സിലാക്കാമെന്നും എന്നാൽ, മനുഷ്യരുടെ സ്വകാര്യതക്ക് വില കൊടുക്കാതെ ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ട് തകർന്നിരിക്കുന്ന മനുഷ്യരുടെ വായിലേക്ക് മൈക്ക് കുത്തിക്കേറ്റുന്നത് എന്ത് തരം ജേണലിസമാണെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
തന്റെ വീട്ടിലെ 14 പേരെ നഷ്ടപ്പെട്ട് തേങ്ങിക്കരയുന്ന മനുഷ്യനോട് ചോദ്യങ്ങൾ ചോദിച്ചതിനും അയാൾ മുഖം പൊത്തുമ്പോൾ 3-4 വയസ്സുള്ള കുഞ്ഞിനു നേരെ മൈക്ക് നീട്ടിയതിനുമെതിരെയാണ് വിമർശനം. കരയുന്ന മനുഷ്യർക്കും അന്തസും ആത്മാഭിമാനമുണ്ടെന്നും എല്ലാ കരച്ചിലും നിങ്ങൾക്ക് വിൽക്കാനുള്ളതല്ലെന്നും അവർ ഓർമിപ്പിച്ചു.
ഒരു വാർത്ത കൃത്യസമയത്ത് മനുഷ്യരിലേക്കെത്തിക്കുന്നതും അത് ഉത്തരവാദിത്തത്തോടെ റിപ്പോർട്ട് ചെയ്യുന്നതും അതിനെപ്പറ്റി ഗൗരവമുള്ള ചർച്ചകൾ സംഘടിപ്പിക്കുന്നതും ദൃക്സാക്ഷികളിൽനിന്ന് ബൈറ്റെടുക്കുന്നതും ഒക്കെ മനസ്സിലാക്കാം. പക്ഷേ മനുഷ്യരുടെ സ്വകാര്യതക്ക് ഒരു വിലയും കൊടുക്കാതെ ദുരന്തമുഖത്ത് എല്ലാം നഷ്ടപ്പെട്ട് തകർന്നിരിക്കുന്ന മനുഷ്യരുടെ വായിലേക്ക് മൈക്ക് കുത്തിക്കേറ്റുന്നത് എന്ത് തരം ജേർണലിസമാണ്? തന്റെ വീട്ടിലെ പതിനാല് പേരെ നഷ്ടപ്പെട്ട് തേങ്ങിക്കരയുന്ന മനുഷ്യനോടാണ് ചോദ്യങ്ങൾ... അയാൾ മുഖം പൊത്തുമ്പോൾ മൈക്ക് നീട്ടുന്നത് 3-4 വയസ്സുള്ള കുഞ്ഞിന്റെ വായിലേക്ക്. കരയുന്ന മനുഷ്യർക്കും അന്തസ്സുണ്ട്. ആത്മാഭിമാനമുണ്ട്. എല്ലാ കരച്ചിലും നിങ്ങൾക്ക് വിൽക്കാനുള്ളതല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.