മലപ്പുറം: ‘‘ഉപ്പാ ഒരു യാത്ര പോയാലോ...ഒന്നു കടലു കണ്ട് വന്നാലോ...’’ മിന്നുമോളെന്ന് വിളിക്കുന്ന ഏഴ് വയസ്സുകാരി ഹാദി ഫാത്തിമ ഞായറാഴ്ച ഉച്ചക്ക് ഉപ്പ മുഹമ്മദ് നിഹാസിനോട് ചോദിച്ചതാണ്. ഉമ്മ ഫരീദ എതിർപ്പ് പറഞ്ഞെങ്കിലും യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന മകളുടെ ആഗ്രഹത്തിന് വഴങ്ങുകയായിരുന്നു. താനൂർ ബോട്ടപകടത്തിൽ ഈ ദമ്പതികൾ തലനാരിഴക്ക് രക്ഷപ്പെട്ടപ്പോൾ മിന്നുമോളെ നഷ്ടമായി.
മുണ്ടുപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ മകളെ അടക്കം ചെയ്ത ശേഷവും അവൾ തിരിച്ചുവരാനാവാത്ത യാത്രപോയെന്ന് ഉൾക്കൊള്ളാൻ മാതാപിതാക്കൾക്കാവുന്നില്ല.. ഞായറാഴ്ച വൈകീട്ട് 4.30നാണ് കുടുംബം താനൂരിലേക്ക് തിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് മൂന്നാറിൽ പോയി എത്തിയ ക്ഷീണം മാറാതെ ഇനിയൊരു യാത്ര വേണ്ടെന്ന് ഭാര്യ പറഞ്ഞപ്പോൾ മോളുടെ ആഗ്രഹമല്ലേ എന്ന് പറഞ്ഞാണ് സപ്ലൈകോ ജീവനക്കാരനായ നിഹാസ് മുന്നിട്ടിറങ്ങിയത്. താനൂരിലെ പുതിയ ഫ്ലോട്ടിങ് ബ്രിഡ്ജിലായിരുന്നു ആദ്യ സന്ദർശനം. ഏഴരയോടെ ബോട്ടിൽ കയറി യാത്ര തുടങ്ങി. ബോട്ടിന്‍റെ അടിത്തട്ടിലേക്ക് പുക വന്നപ്പോൾ ശ്വാസംമുട്ടലിന്‍റെ പ്രശ്നമുള്ളതിനാൽ മുകളിലെ നിലയിലേക്ക് പോയി. മകൾക്ക് ബോട്ടിലുണ്ടായിരുന്ന ലൈഫ് ജാക്കറ്റ് നൽകി. എന്നാൽ, മിനിറ്റുകൾക്കകം അപ്രതീക്ഷിതമായി ബോട്ട് ചെരിഞ്ഞ് തലകീഴായി മറിഞ്ഞു.
വെള്ളത്തിൽനിന്ന് ഉയർന്ന് പൊങ്ങിയ ഉടൻ നിഹാസ് മകളെ അന്വേഷിച്ച് നീന്തി. എന്നാൽ, അനാഥമായി ഒഴുകുന്ന ലൈഫ് ജാക്കറ്റാണ് കണ്ടത്. ബോട്ടിൽ ഒരുവിധം നീന്തി നിലയുറപ്പിച്ചപ്പോൾ ഭാര്യ തളർന്ന് ബോട്ടിന്റെ മറ്റൊരു വശത്ത് പിടിച്ചുനിൽക്കുന്നുണ്ടായിരുന്നു. പിന്നീട് ആരുടെയൊക്കെയോ സഹായത്താൽ കരയണഞ്ഞപ്പോൾ ശ്വാസംനിലച്ച മകളെയാണ് കണ്ടത്.
കല്യാണം കഴിഞ്ഞ് ഏറെ ചികിത്സകൾക്ക് ശേഷമാണ് മിന്നുവിനെ ലഭിക്കുന്നത്. പഠനത്തിലും കലാപരിപാടികളിലുമെല്ലാം മിടുക്കിയായിരുന്നു അവൾ. തിങ്കളാഴ്ച രാവിലെ കോട്ടപ്പടി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഹാദി ഫാത്തിമയുടെ കുഞ്ഞുടൽ തറവാടായ മുണ്ടുപറമ്പ് മച്ചിങ്ങൽ വീട്ടിലെത്തിച്ചപ്പോൾ അവസാന യാത്ര ചൊല്ലാൻ നിരവധിയാളുകളാണ് എത്തിച്ചേർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.