തിരുവനന്തപുരം: കേരള ചരിത്രത്തിന്റെ പിന്നിട്ട വഴികളിൽ സുപ്രധാന വിവരങ്ങളുടെ ശേഖരമായ ‘ട്രാവൻകൂർ ആർക്കിയോളജിക്കൽ സീരീസ്’ വിപണിയിൽനിന്ന് അപ്രത്യക്ഷമാകുന്നു. ഒമ്പത് സീരിസായി പ്രസിദ്ധീകരിച്ച ആർക്കിയോജളിക്കൽ സീരീസിന്റെ (ടി.എ.എസ്) എല്ലാ പതിപ്പുകളും ഇപ്പോൾ ലഭ്യമല്ല. നിലവിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലും സർക്കാറിന്റെ മറ്റ് വിൽപന ശാലകളിലും ശേഷിക്കുന്ന പുസ്തകങ്ങൾ വിറ്റുതീർന്നാൽ ‘ടി.എ.എസ്’ എന്ന വിലപ്പെട്ട ചരിത്രരേഖയുടെ പുസ്തകരൂപം പുതുതലമുറക്ക് അന്യമാവും.
ടി.എ. ഗോപിനാഥ റാവുവിന്റെ നേതൃത്വത്തിൽ ടി.എ.എസ് ആദ്യപതിപ്പ് പുറത്തിറങ്ങുന്നത് 1908ലാണ്. ഒന്നും രണ്ടും വാല്യങ്ങൾ ഗോപിനാഥ റാവുവിന്റെയും മൂന്ന് നാല് വാല്യങ്ങൾ എ.എസ്. രാമനാഥ അയ്യരുടേയും നേതൃത്വത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അഞ്ച്, ആറ്, ഏഴ് വാല്യങ്ങൾ കെ.വി. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലായിരുന്നു. എട്ട്, ഒമ്പത് വാല്യങ്ങൾ പ്രസിദ്ധീകൃതമായെങ്കിലും പിന്നീട് വേണ്ടവിധം പുനഃപ്രസിദ്ധീകരണം നടന്നില്ല. അപൂർവം സ്വകാര്യ വ്യക്തികളുടെ ശേഖരത്തിൽ മാത്രമാണ് എട്ട്, ഒമ്പത് വാല്യങ്ങൾ ഇപ്പോഴുള്ളത്. പത്താം വാല്യം പുറത്തിറങ്ങിയിരുന്നതായി ചില ഗ്രന്ഥസൂചികകളിൽ കാണുന്നുണ്ടെങ്കിലും വ്യക്തതയില്ല.
നിലവിൽ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെയടക്കം സർക്കാർ വിൽപന ശാലകളിൽ രണ്ടുമുതൽ ഏഴുവരെ വാല്യങ്ങളുടെ ചുരുക്കം കോപ്പികൾ ശേഷിക്കുന്നുണ്ട്. അതേസമയം പഴയ പുസ്തകങ്ങളുടെ ഫോട്ടോ കോപ്പിയെടുത്ത് പുസ്തകരൂപത്തിൽ ചില ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഉയർന്ന വിലയ്ക്ക് വിൽക്കുന്ന സാഹചര്യവും നിലനിൽക്കുന്നു. തമിഴ്നാട് സർക്കാറിന്റെ ചില വെബ്സൈറ്റുകളിൽ ടി.എ.എസിന്റെ ഏതാനും പതിപ്പുകൾ കാണാം. എന്നാൽ കേരള ചരിത്രത്തിലെ ആധികാരിക ഗ്രന്ഥശേഖരമായ ടി.എ.എസിന്റെ പുതിയ പതിപ്പുകൾ അച്ചടിക്കാൻ സംസ്ഥാന സർക്കാർ മടിക്കുന്നു. സംസ്ഥാന സർക്കാറിന് കീഴിൽ ‘കൾചറൽ പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ്’ ആണ് വർഷങ്ങൾക്ക് മുമ്പ് ചില പതിപ്പുകളുടെ പുനഃപ്രസിദ്ധീകരണം നടത്തിയത്. പഴയ തിരുവിതാംകൂറിന് പുറമേ വടക്കൻ കേരളം, തമിഴ്നാടിന്റെ ചില ഭാഗങ്ങൾ തുടങ്ങിയ സംബന്ധിച്ച വിവരങ്ങൾ ടി.എ.എസിന്റെ പല വാല്യങ്ങളിലുമുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത്, തമിഴ് ലിപികൾ തുടങ്ങിയ ഉപയോഗിച്ചുള്ള ശിലാലിഖിതങ്ങൾ, ചെമ്പ് ഓലകൾ എന്നിവ വായിച്ച് വിവരങ്ങൾ രേഖപ്പെടുത്തപ്പെട്ട ടി.എ.എസ് വാല്യങ്ങൾ കേരള ചരിത്രരചനകളിലും പഠനങ്ങളിലും വഹിച്ച പങ്ക് വളരെ വലുതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.