തിരുവനന്തപുരം: ബജറ്റിൽ നിർദേശിച്ച അധികനികുതി ബഹിഷ്കരണത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. ബഹിഷ്കരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ചപ്പോൾ അതേപ്പറ്റി അറിയില്ലെന്നാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പ്രതികരണം. വർധിപ്പിച്ച നികുതി പിൻവലിച്ചില്ലെങ്കിൽ ബഹിഷ്കരണം ആലോചിച്ചു തീരുമാനിക്കേണ്ടിവരുമെന്ന് പറഞ്ഞ് സുധാകരൻ ‘യു ടേൺ’ അടിച്ചെങ്കിലും നികുതി അടക്കാതിരിക്കുന്നത് പ്രായോഗികമല്ലെന്ന നിലപാടിലാണ് പ്രതിപക്ഷനേതാവ്.
ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നികുതി വർധിപ്പിച്ചപ്പോൾ അന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ നടത്തിയ ബഹിഷ്കരണാഹ്വാനം ഓർമപ്പെടുത്തിയാണ് സുധാകരൻ കഴിഞ്ഞദിവസം സംസാരിച്ചത്. അധിക നികുതി അടയ്ക്കരുതെന്ന് കോൺഗ്രസ് ജനങ്ങളോട് ആവശ്യപ്പെടുന്നെന്ന് സുധാകരൻ സൂചിപ്പിച്ചു. നടപടി വന്നാൽ കോൺഗ്രസ് സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, അതിനെപ്പറ്റി അറിയില്ലെന്നായിരുന്നു തൊട്ടുപിന്നാലെ സതീശൻ പ്രതികരിച്ചത്. ഇക്കാര്യം ചർച്ചയായതോടെ അധിക നികുതി കൊടുക്കരുതെന്ന പ്രഖ്യാപനത്തിൽനിന്ന് ശനിയാഴ്ച സുധാകരൻ പരോക്ഷമായി പിന്മാറി. അധികനികുതി ബഹിഷ്കരിക്കുമെന്ന സമരാഹ്വാനം അല്ല താൻ നടത്തിയതെന്നും പിണറായിയുടെ മുൻ പ്രഖ്യാപനം ഓർമപ്പെടുത്തി പരിഹസിച്ചതാണെന്നുമാണ് സുധാകരന്റെ പുതിയവാദം. അതേസമയം, പ്രഖ്യാപനം സർക്കാർ തിരുത്തുന്നില്ലെങ്കിൽ ബഹിഷ്കരണ കാര്യം ആലോചിച്ചു തീരുമാനിക്കേണ്ടി വരുമെന്നും അദ്ദേഹം പറയുന്നു.
എന്നാൽ, നികുതി അടക്കാതിരിക്കുന്നത് പ്രായോഗികമല്ലെന്നും മറിച്ചുള്ള നിലപാടിനെ തമാശയായി കണ്ടാൽ മതിയെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. നികുതി ബഹിഷ്കരണം പ്രായോഗികമല്ലെന്ന വാദത്തോട് സുധാരകരന് പൂർണ യോജിപ്പില്ല. സമരത്തിന് ഒരുപാട് മുഖങ്ങളുണ്ടെന്നും അത് ഓരോന്നായി തുറക്കുമെന്നും അദ്ദേഹം പറയുന്നു. സ്വാതന്ത്ര്യ സമരകാലഘട്ടം മുതൽ നികുതിലംഘന സമരം നടന്നിട്ടുണ്ട്. ജനാധിപത്യത്തിൽ അത് നിഷേധിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.