കൊച്ചി: ഹൈദരാബാദിൽ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയവരെ വെടിവെച്ചുകൊന്ന പൊലീസ് നടപടി പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ലെന്ന് ഹൈകോടതി മുൻ ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയായ വധശിക്ഷയാണ് അവർക്ക് ലഭിച്ചത്. അത് എല്ലാവരും ആഗ്രഹിക്കുന്നതുമാണ്. പക്ഷേ നീതി നടപ്പാക്കേണ്ടത് ഇങ്ങനെയല്ലെന്ന് കെമാൽ പാഷ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിചാരണ നടത്തി കുറ്റം തെളിയിച്ച ശേഷമാണ് ശിക്ഷ വിധിക്കേണ്ടത്. ഇത്തരക്കാർ ജയിലുകളിൽ കിടന്ന് സർക്കാർ ചെലവിൽ തടിച്ചുകൊഴുക്കുന്നതിനോട് യോജിപ്പില്ല. എന്നാൽ, ഇവിടെ പൊലീസ് നടപടി ജനങ്ങളുടെ വൈകാരികപ്രതികരണത്തിന് സമാനമാണ്. പ്രതികൾ ഓടിമറയാൻ ശ്രമിച്ചാൽ കാലിന് വെടിവെക്കാം. പക്ഷേ വെടിവെച്ചുകൊല്ലാൻ അധികാരമില്ല.
ജനങ്ങൾ അതാഗ്രഹിക്കുന്നുണ്ടെന്നത് ന്യായീകരണമല്ല. സംഭവത്തിെൻറ തുടക്കംമുതൽ പൊലീസിന് വീഴ്ചയുണ്ട്. ജനരോഷം തണുപ്പിക്കാൻ കാട്ടുനീതി നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ല. ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. ഇതൊഴിവാക്കാൻ നീതിന്യായ വ്യവസ്ഥയിൽ അടിസ്ഥാനപരമായ മാറ്റം വേണമെന്നും കെമാൽ പാഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.