തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി ബന്ധമുണ്ടെന്ന് ആരോപണമുയർന്ന സ്പീക്കർ പി. ശ്രീരാമകൃഷ്ണനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പി.എയും സോളാർ കേസിലെ പ്രതിയുമായ ടെന്നി ജോപ്പൻ. സോളാർ കേസ് സമയത്ത് ചാനലുകളിൽ വന്നിരുന്നു എന്നെയും എൻെറ കുടുംബത്തെയും അടച്ചു ആക്ഷേപിച്ചത് എന്തിനായിരുന്നുവെന്ന് ജോപ്പൻ ഫേസ്ബുക്കിലൂടെ ചോദിക്കുന്നു. ഇപ്പോൾ അങ്ങേക്ക് നേരെ ഒരു കേസ് വന്നപ്പോൾ വേദനിച്ചുവല്ലേ? ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്ത കുറ്റം. അതിൻെറ പേരിൽ ഞാനും എൻെറ കുടുംബവും അനുഭവിച്ച വേദന ആർക്ക് മാറ്റാൻ കഴിയുമെന്നും ജോപ്പൻ ചോദിച്ചു.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന മുഴുവൻ ആരോപണങ്ങളും നിഷേധിച്ച് നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. രാഷ്ട്രീയ വൈരം മൂത്ത് എല്ലാ സീമകളും ലംഘിച്ചുകൊണ്ട് വ്യക്തിഹത്യ തുടരുന്നത് അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്നാണ് അദ്ദേഹം കുറിച്ചത്. ഈ കുറിപ്പ് വന്നശേഷമാണ് ജോപ്പൻെറ മറുപടി വരുന്നത്.
ടെന്നി ജോപ്പൻെറ ഫേസ്ബുക്ക് പോസ്റ്റ്:
ബഹുമാനപെട്ട സ്പീക്കർ സർ, അങ്ങയോടു ഒരു ചോദ്യം? എന്തിനായിരുന്നു അങ്ങ് സോളാർ കേസ് ഉണ്ടായ സമയത്ത് ചാനലുകളിൽ വന്നിരുന്നു എന്നെയും എൻെറ കുടുംബത്തെയും അടച്ചു ആക്ഷേപിച്ചത്? ഇപ്പോൾ ഒരു കേസ് വന്നപ്പോൾ അത് അങ്ങേക്ക് നേരെ വന്നപ്പോൾ അങ്ങേക്ക് വേദനിച്ചു അല്ലെ? (അങ്ങേയ്ക്ക് ഇതുമായി ബന്ധം ഉണ്ടോ ഇല്ലിയോ എന്ന് എനിക്കറിയില്ല). ഇതാണ് സർ എല്ലാവരുടെയും കാര്യം.
ഒരു സ്ത്രീയെ ഫോൺ ചെയ്തു എന്നത് ആയിരുന്നല്ലോ ഞാൻ ചെയ്തു എന്ന് പറയുന്ന കുറ്റം. അതിൻെറ പേരിൽ ഞാനും എൻെറ കുടുംബവും അനുഭവിച്ച വേദന ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന വേദന ആർക്ക് മാറ്റാൻ കഴിയും സർ? @ ഇനി കേസിലേക്ക് വരാം. അങ്ങ് ഉൾപ്പടെ എല്ലാരും ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്? അന്ന് എന്ത് നടപടി എടുത്ത് എന്ന്. @ 2013 ജൂൺ 10ന് സോളാർ കേസ് വരുന്നു. ജൂൺ 13 ന് ഞാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിന് എൻെറ രാജിക്കത്തു ഞാൻ കൊടുക്കുന്നു. ജൂൺ 15നു എന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.
(ആർക്കെങ്കിലും സംശയം ഉണ്ടങ്കിൽ പൊതുഭരണ വകുപ്പിൽ അതിൻെറ കോപ്പി കിട്ടും). അന്ന് മുതൽ ഈ നിമിഷം വരെ ജീവിക്കാനായി കഷ്ടപ്പെടുകയാണ് ഞാനും എൻെറ കുടുംബവും അങ്ങേക്ക് അറിയാമോ. അങ്ങനെ 67 ദിവസം ഞാൻ ജയിലിൽ കിടന്നപ്പോഴും എന്നെ സഹായിക്കാൻ ഒരു പാർട്ടിക്കാരനെയും ഞാൻ കണ്ടില്ല, എൻെറ കുടുംബം അല്ലാതെ.
ഞാൻ ഈ എഴുതുന്നത് 7 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും എന്നെയും എൻെറ കുടുംബത്തെയും വിടാതെ പിന്തുടരുകയാണല്ലോ നിങ്ങൾ ഇപ്പോഴും? കോടതിയിൽ കിടക്കുന്ന കേസ് ആയതു കൊണ്ട് എനിക്കു കൂടുതൽ ഒന്നും പറയാനില്ല. ബാക്കി കാര്യങ്ങൾ ബഹുമാനപെട്ട കോടതി തീരുമാനിക്കട്ടെ. ദൈവം എന്നൊരു മഹാശക്തി ഉണ്ട് അതിനെ ആർക്കും വിസ്മരിക്കാൻ കഴിയില്ല എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. (ഒരുപാട് എഴുതണം എന്നുണ്ട്. എഴുതാൻ പറ്റുന്നില്ല. ഇനി എല്ലാം ദൈവം തീരുമാനിക്കട്ടെ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.