വിഴിഞ്ഞം: കസ്റ്റഡിയിലെടുത്തവരെ വിട്ടുകിട്ടണമെന്നും സമരത്തിൽ പങ്കെടുക്കാത്ത ആളുകളെ കള്ളക്കേസിൽ കുടുക്കിയെന്നും ആരോപിച്ച് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ് സമരസമിതി പ്രവർത്തകർ. സ്റ്റേഷൻ വളപ്പിലുണ്ടായിരുന്ന രണ്ട് പൊലീസ് ജീപ്പുകൾ അടക്കം നാല് പൊലീസ് വാഹനങ്ങൾ തകർത്ത സമരക്കാർ പൊലീസുകാരെയും മാധ്യമപ്രവർത്തകരെയും മർദിച്ചു. സ്റ്റേഷനിലെ ഷെഡും സമരക്കാർ തകർത്തു.
ഇന്നലെ രാത്രിയോടെയാണ് സ്ത്രീകളടക്കം ആയിരക്കണക്കിന് വരുന്ന സമരക്കാർ വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞത്. കഴിഞ്ഞദിവസം സമരപ്പന്തലിന് സമീപമുണ്ടായ സംഘർഷത്തിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്ന അഞ്ച് പേരെയും വിടണമെന്നും വൈദികരടക്കമുള്ളവർക്കെതിരെ ചുമത്തിയ കള്ളക്കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് സമരക്കാർ സ്റ്റേഷൻ വളഞ്ഞത്. സ്റ്റേഷനുമുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച പ്രതിഷേധക്കാർ അതിലെ തടിക്കഷണങ്ങൾ കൊണ്ട് പൊലീസുകാരെ ആക്രമിച്ചു. പരിക്ക് പറ്റിയ പൊലീസ് ഉദ്യോഗസ്ഥർ ഉൾെപ്പടെ പൊലീസ് സ്റ്റേഷനുള്ളിൽ കയറി ഗ്രിൽ അടച്ചിട്ടാണ് രക്ഷപ്പെട്ടത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ കരമന പൊലീസ് സ്റ്റേഷനിലെ ജീപ്പും തകർത്തു. തുടർന്ന് വിഴിഞ്ഞം സ്റ്റേഷനുള്ളിൽ പാർക്ക് ചെയ്തിരുന്ന മൂന്ന് ജീപ്പുകൾ അടിച്ചുതകർത്തു. പരിക്ക് പറ്റിയ പൊലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിക്കാൻ സ്ഥലത്ത് എത്തിയ 108 ആംബുലൻസും തടഞ്ഞു. സംഭവസ്ഥലത്തേക്ക് മാധ്യമപ്രവർത്തകരെയും സമരക്കാർ പ്രവേശിപ്പിച്ചില്ല.
സംഭവം മൊബൈലിൽ ചിത്രീകരിക്കുകയായിരുന്ന എ.സി.വിയുടെ പ്രാദേശിക ലേഖകൻ ഷെരീഫ് എം. ജോർജിനെ പ്രതിഷേധക്കാർ മർദിക്കുകയും മൊബൈൽ നശിപ്പിക്കുകയും ചെയ്തു. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സതേടിയ ഷെരീഫിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസിനോട് സംയമനം പാലിക്കാനാണ് ആഭ്യന്തരവകുപ്പിന്റെ നിർദേശം. തിരുവനന്തപുരം സിറ്റിയിലും തീരപ്രദേശ സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ സംസ്ഥാന പൊലീസ് മേധാവി നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.