കണ്ണൂർ: റബർ വില 300 രൂപയാക്കിയാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന നിലപാട് ആവർത്തിച്ച് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ബി.ജെ.പി അനുകൂല പ്രസ്താവനയിൽ നിന്ന് പിന്നോട്ടില്ലെന്ന് മാർ ജോസഫ് പാംപ്ലാനി ആവർത്തിച്ചു. ആലോചിച്ച് ഉറപ്പിച്ചാണ് പറഞ്ഞത്, അണുവിട പിന്നോട്ടില്ല. കർഷകരുടെ പ്രശ്നങ്ങളെ കുറിച്ച് പറയുമ്പോൾ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ആരെങ്കിലും എന്തെങ്കിലും വിളിച്ചു പറഞ്ഞാൽ നയം മാറ്റുന്നവരാണ് കത്തോലിക്ക മെത്രാന്മാരെന്ന് ധരിക്കേണ്ട. തന്‍റെ പ്രസ്താവനയിൽ മതപക്ഷമോ രാഷ്ട്രീയപക്ഷമോ ഇല്ലെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, കർഷകപക്ഷം മാത്രമേ ഉള്ളൂവെന്നും വ്യക്തമാക്കി. കർഷക വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ ആരെല്ലാം തലകുത്തി മറിഞ്ഞ് പരിശ്രമിച്ചാലും ഞങ്ങൾ തയാറല്ല. പറഞ്ഞ വാക്കിൽ ഉറച്ച് നിൽക്കുന്നു. കർഷക പക്ഷത്ത് ആരെ നിൽക്കുന്നുവോ അവരുടെ പക്ഷത്തായിരിക്കും മലയോര കർഷകർ. ഈ വിഷയത്തിൽ ബി.ജെ.പി മതലെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അതിന് വഴിമരുന്നിട്ടത് ഏത് പാർട്ടിക്കാരാണെന്ന് ആലോചിച്ചു നോക്കിയാൽ മനസിലാകും -മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ബി.ജെ.പി പല തരത്തിലുള്ള ശ്രമങ്ങൾ നടത്തും. അവർ വെക്കുന്ന കല്ലിൽ തേങ്ങ എറിയാനോ അവർ ചെയ്ത അന്യായങ്ങളെയോ അതിക്രമങ്ങളെയോ ന്യായീകരിക്കാനോ ഞങ്ങൾക്ക് ഉദ്ദേശമില്ല. മലയോര കർഷകരുടെ അതിജീവനമാണ് തങ്ങളുടെ ലക്ഷ്യമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ നേതാക്കൾക്ക് പക്വതയും കാര്യങ്ങൾ മനസിലാക്കി പ്രതികരിക്കാനും തങ്ങളുടെ പ്രതികരണം ഉണ്ടാക്കാൻ പോകുന്ന ഭവിഷ്യത്തുകളെയും കുറിച്ച് തിരിച്ചറിയാനും കഴിയണം. അപ്രകാരം ചെയ്യാതെ, ഇപ്പോൾ ബി.ജെ.പിക്കാർ മുതലെടുക്കുന്നുവെന്ന് നിലവിളിച്ചാൽ അതിന് ഞങ്ങൾ ഉത്തരവാദിയല്ലെന്നും വിവാദമാക്കിയവരാണ് ഉത്തരവാദികളെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.
റബർ വില 300 രൂപയാക്കി നിശ്ചയിച്ചാൽ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കർഷകറാലിയിലാണ് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കിയത്. കേരളത്തിൽ ഒരു എം.പി പോലുമില്ലെന്ന ബി.ജെ.പിയുടെ സങ്കടം കുടിയേറ്റ ജനത പരിഹരിക്കും. ജനാധിപത്യത്തിൽ വോട്ടായി മാറാത്ത ഒരു പ്രതിഷേധവും പ്രതിഷേധമല്ലെന്ന ജനങ്ങൾ മനസിലാക്കണം. കുടിയേറ്റ ജനതക്ക് അതിജീവനം വേണമെങ്കിൽ രാഷ്ട്രീയമായി പ്രതികരിക്കണമെന്നും ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി.
റബറിന്‍റെ ഇറക്കുമതി തീരുവയിൽ തീരുമാനമുണ്ടാക്കുകയും വില 300 രൂപയാക്കുകയും ചെയ്താൽ കേന്ദ്ര സർക്കാറിനെ പിന്തുണക്കാൻ മലയോര ജനത തയാറാവും. മലയോര കർഷകരുടെ വികാരമാണ് യോഗത്തിൽ പ്രകടിപ്പിച്ചത്. ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ നയം രൂപീകരിക്കാൻ സാധിക്കുന്നത് ബി.ജെ.പിക്കാണ്. ബി.ജെ.പി സഹായിച്ചാൽ തിരിച്ചു സഹായിക്കുമെന്നും ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.