താമരശ്ശേരി: ഏഴുമാസം പ്രായമായ കുഞ്ഞിനെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ താമരശ്ശേരി കാരാടി പറച്ചിക്കോത്ത് അബ്ദുല്‍ ഖാദറിെൻറ ഭാര്യ ജസീലയെ (26) താമരശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. ജസീലയുടെ ഭര്തൃസഹോദരന് പറച്ചിക്കോത്ത് മുഹമ്മദലിയുടെയും ഷമീനയുടെയും മകള്‍ ഫാത്തിമയെയാണ് തിങ്കളാഴ്ച രാവിലെ 11ഒാടെ വീട്ടുമുറ്റത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃസഹോദര ഭാര്യ ഷമീനയോടുള്ള പകയും വീട്ടില്‍നിന്നുള്ള കടുത്ത അവഗണനയുമാണ് കുഞ്ഞിനെ ഇല്ലാതാക്കാന്‍ പ്രേരിപ്പിച്ചതെന്ന് ജസീല ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി ഡിവൈ.എസ്.പി പി. ബിജുരാജ് പറഞ്ഞു. പണിതീരാറായ വീട്ടിലേക്ക് ഒരാഴ്ചക്കകം താമസംമാറാനുള്ള ഒരുക്കത്തിലിരിക്കെയാണ് ജസീല നാടിനെ നടുക്കിയ കടുംകൈ ചെയ്തത്.
കുട്ടിയെ തൊട്ടിലില്‍ ഉറക്കിക്കിടത്തി മാതാവ് ഷമീന വസ്ത്രങ്ങള്‍ അലക്കാൻ വീടിന് പുറത്തേക്കുപോയ സമയത്താണ് വീട്ടുമുറ്റത്തെ കിണറ്റില്‍ എറിഞ്ഞത്. അലക്കും കുളിയുംകഴിഞ്ഞ് തിരികെവന്ന ഷമീന തൊട്ടിലില്‍ കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്ന് ബഹളം വെക്കുകയും അയല്‍വാസികള്‍ നടത്തിയ തിരച്ചിലില്‍ കിണറ്റില്‍ കണ്ടെത്തുകയുമായിരുന്നു. പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.
പൊലീസ് നായ് പരിശോധന നടത്തിയെങ്കിലും വീടിനും കിണറിനും സമീപം മാത്രമേ മണംപിടിച്ച് ഓടിയുള്ളൂ. ഇതോടെ പുറമെനിന്നുള്ള പങ്കാളിത്തം കൃത്യത്തിനു പിന്നിലില്ലെന്ന്് പൊലീസ് നിഗമനത്തിലെത്തിയിരുന്നു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത് കുട്ടിയുടെ ഉമ്മ ഷമീനയും പ്രതി ജസീലയും ഇവരുടെ മൂന്നു വയസ്സുള്ള മകളുമായിരുന്നു. ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സ്റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തപ്പോഴുണ്ടായ മൊഴിയിലെ വൈരുധ്യങ്ങളാണ് ജസീലയെ സംശയിക്കാനിടയാക്കിയത്. മൂന്നു മണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിനൊടുവില്‍ വൈകുന്നേരം അഞ്ച് മണിയോടെ കുറ്റംസമ്മതിച്ചു.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വട്ടക്കുണ്ട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ചൊവ്വാഴ്ച 12 മണിയോടെ ഖബറടക്കി. സി.ഐ ടി.എ. അഗസ്റ്റിന്, എസ്.ഐ സായൂജ് കുമാര്‍, എ.എസ്.ഐ വി.കെ. സുരേഷ്, അനില്‍കുമാര്‍, രാജീവ് ബാബു, ഷിബിന്‍ ജോസഫ്, ഷീബ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.