കോട്ടയം: താഴത്തങ്ങാടി കൊലപാതകശേഷം പ്രതി മാലിപ്പറമ്പിൽ മുഹമ്മദ് ബിലാൽ (23) തണ്ണീർമുക്കം ബണ്ടിനടുത്ത് വേമ്പനാട്ടുകായലിൽ ഉപേക്ഷിച്ച ഫോണുകളും ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. നിർണായക തെളിവുകളാണിവ.
ശനിയാഴ്ച രാവിലെ പ്രതിയുമായെത്തി നടത്തിയ തിരച്ചിലിൽ മൂന്ന് മൊബൈൽ ഫോണുകൾ, മൂന്ന് കത്തികൾ, ആറ് താക്കോൽകൂട്ടം, കത്രിക എന്നിവയാണ് കണ്ടെടുത്തത്. പ്രതി ചൂണ്ടിക്കാട്ടിയ ഭാഗം കേന്ദ്രീകരിച്ചായിരുന്നു തിരച്ചിൽ.
മൊബൈൽ ഫോണുകളിലൊന്ന് കൊല്ലപ്പെട്ട ഷീബയുടേതാണ്. കത്തിയും കത്രികയും ദമ്പതികളെ ഷോക്കേൽപിക്കാൻ ഉപയോഗിച്ച വയർ മുറിക്കാൻ ഉപയോഗിച്ചതാണ്. വയർ ഉപയോഗിച്ച് ഷീബയെയും ഭർത്താവ് സാലിയെയും കെട്ടിയിട്ട് ഷോക്കേൽപിക്കുകയായിരുന്നു ലക്ഷ്യം. ആലപ്പുഴയിലേക്ക് കടക്കുന്നതിനുമുമ്പ് ഫോണും താക്കോൽക്കൂട്ടവും പ്ലാസ്റ്റിക് കൂടിലാക്കി തണ്ണീർമുക്കം ബണ്ടിൽനിന്ന് േവമ്പനാട്ട് കായലിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി നേരത്തേ മൊഴി നൽകിയിരുന്നു.
കഴിഞ്ഞ ദിവസത്തെ തെളിവെടുപ്പില്‍ ഷീബയുടെ വീട്ടില്‍നിന്ന് മോഷ്ടിച്ച സ്വര്‍ണത്തില്‍ 28 പവനോളം കണ്ടെടുത്തിരുന്നു. രക്ഷപ്പെടാനുപയോഗിച്ച കാർ ആലപ്പുഴയിൽനിന്നും കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബയെ (60) കൊലപ്പെടുത്തിയതും ഭർത്താവ് സാലിയെ (65) ഗുരുതരമായി പരിക്കേൽപിച്ചതും. മുൻ അയൽവാസിയും പരിചയക്കാരനുമായ ബിലാൽ കൃത്യം നടത്തിയശേഷം ഇവരുടെ പോർച്ചിലുണ്ടായിരുന്ന കാറുമായി രക്ഷപ്പെടുകയായിരുന്നു. സമീപവീടുകളിൽനിന്നും പെട്രോൾപമ്പിൽ നിന്നും ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് പറയാറായിട്ടില്ലെന്ന് ഡിവൈ.എസ്.പി പി. ശ്രീകുമാർ പറഞ്ഞു. മൂന്നുദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചിരിക്കുന്നത്. ചോദ്യംചെയ്യലിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും ഡിവൈ.എസ്.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.