കണ്ണൂർ: ഐ.എ.എസിന് തെരഞ്ഞെടുക്കപ്പെടാനായി ജ്യോത്സ്യന്‍റെ നിർദേശപ്രകാരം തങ്കഭസ്മം പാലിൽ കലക്കികുടിച്ച വിദ്യാർഥിയുടെ കാഴ്ച മങ്ങി. വ്യാജ ഗരുഡ രത്‌നം, തങ്കഭസ്മം, വിദേശലക്ഷ്മി യന്ത്രം എന്നിവ നൽകി 11.75 ലക്ഷം രൂപ ജ്യോത്സ്യൻ തട്ടിയാതായും കാണിച്ച് കൊറ്റാളി സ്വദേശി പൊലീസിൽ പരാതി.
കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയായ ജ്യോത്സ്യനെതിരെ കൊറ്റാളി സ്വദേശി പാരഡിസ് ഹൗസിൽ മൊബിൻ ചാന്ദ് ആണ് കണ്ണവം പൊലീസിൽ പരാതി നൽകിയത്. വീടിന്‍റെ കുറ്റി അടിക്കാനുള്ള മുഹൂർത്തം നോക്കാനാണ് മൊബിൻ ചന്ദ് ആദ്യമായി കണ്ണാടിപ്പറമ്പിലെ ജ്യോതിഷാലയത്തിൽ എത്തുന്നത്. പിന്നീട് മൊബിന്‍റെ വീട്ടിൽ നിരന്തരം വന്ന ജ്യോത്സ്യൻ മൊബിൻ വാഹനപകടത്തിൽ മരിക്കാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് ഭീതിപ്പെടുത്തിയിരുന്നു. ഇക്കാര്യം പറഞ്ഞു വീട്ടുകാരെയും ഭയപ്പെടുത്തി.
തുടർന്ന് ആദിവാസികളുടെ അടുത്ത് നിന്ന് ലഭിക്കുന്ന ഗരുഡന്‍റെ തലയിലുള്ള ഗരുഡ രത്‌നം 10 എണ്ണം വാങ്ങി സൂക്ഷിക്കാൻ നിർദേശിച്ചു. ഭാവിയിൽ മകൻ ഐ.എ.എസ് പാസാകാൻ തങ്കഭസ്മം പാലിൽ കലക്കി കുടിക്കാനും വിദേശ ലക്ഷ്മി യന്ത്രം വാങ്ങി വീട്ടിൽ സൂക്ഷിക്കാനും ഉപദേശിച്ചു. ഗരുഡ രത്‌നത്തിന് 10 ലക്ഷവും ഭസ്മത്തിന് 1,25,000 രൂപയും വിദേശ ലക്ഷ്മി യന്ത്രത്തിന് 50,000 രൂപയും ഇയാൾ കൈക്കലാക്കി.
ജില്ലാ പൊലീസ് മേധാവിക്കും മൊബിൻ പരാതി നൽകിയിട്ടുണ്ട്. മൊബിൻ നൽകിയ ഹരജി പരിഗണിച്ച് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.