പാലക്കാട്: മണ്ണാർക്കാട് ഭീമനാട് കുളത്തിൽ മുങ്ങിമരിച്ച സഹോദരിമാരുടെ മൃതദേഹങ്ങൾ വൻജനാവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കി. റമീസ ഷഹനാസ്, റിഷാന അൽത്താജ് എന്നിവരുടെ മൃതദേഹം കോട്ടോപ്പാടം ജുമാ മസ്ജ് ഖബർസ്ഥാനിലും നെഷീദ ഹസ്നയുടെ മൃതദേഹം അമ്പത്തിമൂന്നാം മൈൽ പാറമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിലുമാണ് ഖബറടക്കിയത്. പോസ്റ്റുമോർട്ടത്തിന് ശേഷം കോട്ടോപാടത്തെ വീട്ടിലെത്തിച്ച മൂവരുടെയും മൃതദേഹങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധി പേരാണ് എത്തിയത്. കോട്ടോപ്പാടം അക്കര റഷീദിന്റെ മക്കളാണ് മൂന്നുപേരും.
ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. കുളിക്കുന്നതിനിടെ കാൽ വഴുതി വീണ സഹോദരിയെ രക്ഷിക്കുന്നതിനിടെ മറ്റ് രണ്ട് പേരും മുങ്ങിത്താഴുകയായിരുന്നു. ഇവർക്ക് ഒപ്പമുണ്ടായിരുന്ന കുട്ടി വിവരം അറിയിച്ച് എത്തിയ നാട്ടുകാരും അഗ്നിരക്ഷ സേനയും ചേർന്ന് മൂവരെയും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂവരും മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. അരമണിക്കൂറോളം കഴിഞ്ഞാണ് മൂവരെയും വെള്ളത്തിൽനിന്ന് പുറത്തെടുത്തത്. കുളം ജനവാസ മേഖലയിൽനിന്ന് ഉള്ളിലായതിനാൽ അപകട വിവരം പുറത്തറിയാൻ വൈകി. അപകടം നടന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് സ്ഥലത്തേക്ക് ആളുകളെത്തിയത്.
ഒരേക്കറോളം വിസ്തൃതിയുള്ള വലിയ കുളമാണ് ഇത്. പതിവായി ആളുകൾ കുളിക്കാനെത്തുന്നതാണ് ഇവിടെ. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു റിൻഷയും നാഷിദയും. അപകടം നടന്ന കുളം അൽപ്പം ഉൾപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വിവരം നാട്ടുകാർ അറിയുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. മൂവരും ചളിയിൽ മുങ്ങിത്താഴ്ന്ന നിലയിലായിരുന്നു. വിവരം കേട്ട് എത്തിയപ്പോൾ മക്കൾ മുങ്ങിത്താഴുന്നത് കണ്ട് എന്ത് ചെയ്യുമെന്നറിയാതെ പിതാവ് സ്തബ്ധനായി പോയെന്നും അലറിവിളിക്കാൻ ശബ്ദം പുറത്തേക്ക് വന്നില്ലെന്നും പഞ്ചായത്തംഗം പറഞ്ഞു.
കുളത്തിന്റെ അടിഭാഗെത്ത ചളിയിൽ താഴ്ന്നുപോയതിനാൽ. നിഷീദയുടെ മക്കളായ മുഹമ്മദ് ഷഹ്സാദ്, ഫാത്തിമ അസ്ലഹ എന്നിവരുടെ കുളം കാണാനുള്ള ആഗ്രഹം സഫലീകരിക്കാനാണ് നിഷീദയും രണ്ട് അനിയത്തിമാരും കുളത്തിലേക്ക് പോയത്. ഏതായാലും കുളത്തിൽ പോകുകയാണല്ലോ എന്നുകരുതി അലക്കാനുള്ള വസ്ത്രങ്ങളുമെടുത്തു. 18 വയസ്സുകാരിയായ റനീഷ അൽതാജ് കുളത്തിലേക്ക് വഴുതിവീണു. അവളെ രക്ഷപ്പെടുത്താൻ വേണ്ടി റമീഷയും നിഷീദയും ശ്രമിച്ചെങ്കിലും മൂവരും കുളത്തിൽ മുങ്ങുകയായിരുന്നു.
അലനല്ലൂർ: കോട്ടോപ്പാടത്ത് മൂന്ന് സഹോദരിമാർ മുങ്ങിമരിച്ചതോടെ അനാഥമായത് നിഷീദ അസ്നയുടെ രണ്ടുമക്കൾ. ബുധനാഴ്ച ഉച്ചക്കാണ് നിഷീദക്കൊപ്പം സഹോദരിമാരും നാടിന്റെ തീരാവേദനയായത്. നിഷീദയുടെ മക്കളായ ഷഹ്സാദ്, അസ്ലഹ എന്നിവർക്കാണ് മാതാവിനെ നഷ്ടപ്പെട്ടത്. ഓണം അവധിക്ക് സ്വന്തം വീട്ടിലേക്ക് വിരുന്നിനെത്തിയതാണ് നിഷീദ. ഓണത്തിന്റെ ആഘോഷം ദുരന്തത്തിൽ അവസാനിച്ചതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. മക്കളെ ഇനി എങ്ങനെ സംരക്ഷിക്കുമെന്ന് പറഞ്ഞ് കരഞ്ഞ നിഷീദയുടെ ഭർതൃമാതാവ് ഏവെരയും കണ്ണീരിലാഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.