തിരുവനന്തപുരം :സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ ഇനി സൊസൈറ്റി രൂപത്തിൽ പ്രവർത്തിക്കും. ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റി ആയി രൂപീകരിക്കുന്നതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂൾസ് ആൻഡ് റെഗുലേഷൻസും മന്ത്രിസഭ അംഗീകരിച്ചു. ഇതോടെ പ്രാദേശിക ജനവിഭാഗങ്ങൾക്ക് ടൂറിസം മേഖലയിൽ വിവിധ സംരംഭങ്ങൾ ആരംഭിക്കുന്നതിന് പരിശീലനം, മാർക്കറ്റിംഗ്, മറ്റ് പിന്തുണാ സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പുനൽകുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റിയായി ഉത്തരവാദിത്ത ടൂറിസം മാറും.
ടൂറിസം മന്ത്രി ചെയർമാനും ടൂറിസം സെക്രട്ടറി വൈസ് ചെയർമാനും നിലവിലെ സംസ്ഥാന ഉത്തരവാദിത്ത മിഷൻ കോർഡിനേറ്റർ സിഇഒയുമായി പ്രവർത്തിക്കുന്ന രൂപത്തിലായിരിക്കും സൊസൈറ്റിയുടെ ഘടന. സൊസൈറ്റിയാകുന്നതോടെ തദേശ സ്ഥാപനങ്ങളിൽനിന്നും മറ്റ് ഏജൻസികളിൽ നിന്നും ഫണ്ട് കൈപ്പറ്റാൻ ഉത്തരവാദിത്ത ടൂറിസത്തിന് തടസമുണ്ടാകില്ല.
യു.എൻ.ഡി.പി നൽകിവരുന്ന കോ- ഫണ്ടിംഗ് രീതി സൊസൈറ്റി അല്ലാത്തതിനാൽ അവസാനിപ്പിച്ചിരുന്നു. ഇതിനും മാറ്റം വരും. സ്വതന്ത്ര സ്വഭാവത്തിൽ പ്രവർത്തിക്കാൻ കഴിയുന്നതിലൂടെ ഭാവിയിൽ പ്ലാൻഫണ്ട് വിനിയോഗം കുറച്ചു കൊണ്ടുവരാൻ സാധിക്കും.
2017 ൽ മിഷന് 40 തസ്തികൾക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. സൊസൈറ്റിയാക്കുമ്പോൾ പുതിയ തസ്തിക, അസറ്റ് ക്രിയേഷൻ എന്നിവ ഉണ്ടാകില്ല. അതിനാൽ അധിക സാമ്പത്തിക ബാധ്യത വരില്ല. എന്നാൽ രജിസ്‌ട്രേഷൻ ഫീസ്, കൺസൾട്ടൻസി ചാർജ്, ഉത്പന്ന വിപണനത്തിലൂടെയുള്ള കമ്മീഷൻ, പരിശീലനം നൽകുന്നതിനുള്ള ഫീസ് തുടങ്ങിയവ ഈടാക്കാൻ സാധിക്കുന്നതോടെ വരുമാനം വർധിക്കും. സൊസൈറ്റിയാകുന്നതോടെ സ്വതന്ത്ര സ്വഭാവത്തോടെ കൂടുതൽ മേഖലകളിൽ പ്രവർത്തിക്കാൻ സാധിക്കും.
ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിൽ നിലവിൽ 24000 പ്രാദേശിക യൂനിfറ്റുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്ക് റിവോൾവിംഗ് ഫണ്ട് നൽകുന്നുണ്ട്. 1,50,000 കുടുംബങ്ങൾക്ക് മിഷൻ വഴി വരുമാനം ലഭിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.