തിരുവനന്തപുരം: വേദിയിലേക്കെത്തിയപ്പോഴോ അടുത്തടുത്ത ഇരിപ്പിടങ്ങളിലിരുന്നപ്പോഴോ അവർ പരസ്പരം നോക്കിയില്ല. അഭിവാദ്യം ചെയ്തുമില്ല. ഹസ്തദാനവുമുണ്ടായില്ല. മന്ത്രിസഭ പുനഃസംഘടനയെ തുടർന്നുള്ള മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചങ്ങിൽ അരികിലെങ്കിലും അകലം സൂക്ഷിക്കുകയായിരുന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. 10 മിനിറ്റോളം നീണ്ട ചടങ്ങിൽ അപരിചിതരെപ്പോലെ പങ്കെടുത്ത് പിരിഞ്ഞതിലൂടെ സർക്കാറും രാജ്ഭവനും തമ്മിലെ പോരിൽ മഞ്ഞുരുക്കമില്ലെന്ന് ഒരിക്കൽകൂടി വ്യക്തമായി. സാധാരണ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനുശേഷം ഗവർണർ നടത്താറുള്ള ചായ സൽക്കാരത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രിയും മന്ത്രിമാരും മടങ്ങിയതും സർക്കാർ-ഗവർണർ ബലപരീക്ഷണം തുടരുമെന്ന സൂചന നൽകുന്നതായിരുന്നു.
രാജ്ഭവൻ വളപ്പിൽ വൈകീട്ട് നാലിനാണ് സത്യപ്രതിജ്ഞ ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. 3.48 ഓടെ മുഖ്യമന്ത്രി പന്തലിലെത്തി. 3.57 ഓടെ ഗവർണറും. തുടർന്ന്, വേദിയിൽ അടുത്തടുത്തായി ക്രമീകരിച്ചിരുന്ന ഇരിപ്പിടങ്ങളിൽ ഇരുന്നപ്പോഴും ഇരുവരും പരസ്പരം നോക്കിയില്ല. പരിചയഭാവം പോലും നടിക്കാതെ, ഗവർണർ സത്യപ്രതിജ്ഞയുടെ ഭാഗമായ കാര്യങ്ങളിലേക്ക് കടന്നു.
സത്യവാചകം ചൊല്ലിക്കൊടുക്കലും രജിസ്റ്ററിൽ ഒപ്പുവെക്കലും കഴിഞ്ഞ് പുതിയ മന്ത്രിമാർക്ക് ഗവർണർ പൂച്ചെണ്ടും സമ്മാനിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാർക്ക് പൂച്ചെണ്ടുകൾ നൽകി. അപ്പോഴൊക്കെയും ‘മുഖാമുഖം’ വരുന്ന സന്ദർഭങ്ങൾ ഇരുവരും ഒഴിവാക്കി. ചടങ്ങുകൾ പൂർത്തിയായ ഉടൻ മുഖ്യമന്ത്രിയെ ശ്രദ്ധിക്കാതെ ഗവർണർ രാജ്ഭവനിലേക്ക് മടങ്ങി. തുടർന്ന്, മുഖ്യമന്ത്രിയും വേദി വിട്ടിറങ്ങി ക്ലിഫ് ഹൗസിലേക്ക് പോയി.
മുഖ്യമന്ത്രിക്കുപിന്നാലെ, മറ്റ് മന്ത്രിമാരും രാജ്ഭവൻ വളപ്പ് വിട്ടു. മന്ത്രിമാരായി ചുമതലയേറ്റ കടന്നപ്പള്ളിയും ഗണേഷ്കുമാറും ഗവർണറുടെ ചായ സൽക്കാരത്തിനായി രാജ്ഭവനുള്ളിലേക്ക് പോയി. സാധാരണ സത്യപ്രതിഞ്ജ ചടങ്ങിന് ശേഷം ഗവർണറുടെ ചായ സൽക്കാരമുണ്ടാകാറുണ്ട്.
മന്ത്രി എ.കെ. ശശീന്ദ്രൻ ചായ സൽക്കാരത്തിനായി രാജ്ഭവനുള്ളിലേക്ക് പോയെങ്കിലും മറ്റ് മന്ത്രിമാരെ കാണാത്തതിനാൽ പുറത്തേക്ക് വന്നു. ബഹിഷ്കരണ തീരുമാനം അറിഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രിമാരും മറ്റ് മന്ത്രിമാരുമില്ലെന്ന് മനസ്സിലാക്കിയതിനാൽ ചായ കുടിക്കാതെ മടങ്ങുകയായിരുന്നെന്നും എ.കെ. ശശീന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.