ആരോ​ഗ്യ മേഖലയിൽ ഡോക്ടർമാർക്കും ആരോ​ഗ്യ പ്രവർത്തകർക്കും ഭയമില്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യമൊരുക്കിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും അവരുടെ ഉത്തരവാദിത്തങ്ങൾ ഭയമില്ലാതെ നിർവഹിക്കാൻ കഴിയുന്ന സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കാൻ സർക്കാറിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോവളത്ത് ആരംഭിച്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ 96 മത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായുന്നു മുഖ്യമന്ത്രി.

ആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ നിയമ വ്യവസ്ഥകൾ ശക്തമാക്കിയ സംസ്ഥാനമാണ് കേരളമെന്നും, അതിനായി കേരള ഹെൽത്ത് കെയർ സർവീസസ് പേഴ്സൺസ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻസ് നിയമം 2023 ഭേദഗതി ചെയ്തതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് മെഡിക്കൽ ഗവേഷണത്തിനുള്ള സൗകര്യങ്ങളും മെച്ചപ്പെടുത്താനായി. അതിനായി തിരുവനന്തപുരത്ത് ലൈഫ് സയൻസ് പാർക്കിൽ മൈക്രോബയോം സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും. ഇതിന്റെ ഭാഗമായി ഒരു ജീനോം ഡാറ്റാ സെന്ററും സ്ഥാപിക്കുന്നുണ്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് നിർമാണ കേന്ദ്രം കേരളത്തിലാണ്. മെഡിക്കൽ ഗവേഷണവും- വ്യവസായവും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ കേരളം പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

വരുമാനത്തിലുള്ള വ്യതിയാനം സംഭവിച്ചത് കാരണം സമ്പന്നർക്ക് പോലും ആരോഗ്യ പരിപാലന ചെലവുകൾ വഹിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. അതുകൊണ്ടാണ് താങ്ങാനാവുന്ന ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ കേരളം ശ്രമിക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ആരോഗ്യരംഗത്ത് ഏറ്റവും കൂടുതൽ ആളോഹരി ചെലവ് നടത്തുന്ന സംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ പൊതുജനാരോഗ്യ സ്ഥാപനങ്ങളെ, പ്രത്യേകിച്ച് പ്രാദേശിക തലത്തിൽ തന്നെ ശക്തിപ്പെടുത്തുന്നതിൽ വളരെയധികം മുന്നോട്ട് പോയി.

എന്നിരുന്നാലും, സർക്കാർ ഇടപെടലുകൾ കൊണ്ട് മാത്രം ഒരു സമൂഹത്തിന്റെ ആരോഗ്യ പരിപാലന മേഖല മെച്ചപ്പെടുത്താൻ കഴിയില്ലെന്ന് അറിയാം. ആരോഗ്യമേഖലയിലെ സർക്കാർ, സ്വകാര്യ, സഹകരണ സ്ഥാപനങ്ങൾ പൊതുനന്മയ്ക്കായി കൈകോർക്കേണ്ടതുണ്ട്. അവിടെയാണ് ഐഎംഎ പോലുള്ള സംഘടനകൾക്ക് സുഗമമായ പങ്ക് വഹിക്കാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. വ്യക്തികൾ വിദ്യാഭ്യാസം നേടുകയും സ്വന്തം ആരോഗ്യം പരിപാലിക്കാൻ സജ്ജരാകുകയും വേണം, കാരണം അത് അവരുടെ വ്യക്തിപരമായ ഉത്തരവാദിത്തമാണ്. ആരോഗ്യത്തിനും ക്ഷേമത്തിനുമുള്ള അവരുടെ യാത്രയിൽ ആരോഗ്യ പരിപാലന സ്ഥാപനങ്ങൾക്ക് അവരെ അനുഗമിക്കാൻ മാത്രമേ കഴിയൂ. ഇത്തരം ബഹുമുഖ ഇടപെടലുകൾ ഉറപ്പാക്കിയാൽ മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കാൻ കഴിയൂവെന്നും, ആരോഗ്യകരമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഡോക്ടർമാരുടെ സംഭാവനകൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന് ഐ.എം.എയുടെ ഇടപെടലുകളെ ശക്തിപ്പെടുത്തുന്നതിന് ഈ സമ്മേളനം വളരെയധികം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ചടങ്ങിൽ ഐ.എം.എ ഡോ. കേദൻ ദേശായി പുരസ്കാരം ഡോ. എ. മാർത്തണ്ഡപിള്ള (കേരളം), ഐ.എം.എ ഡോ. എ.കെ.എൻ സിൻഹ അവാർഡ് ഡോ. വിനയ് അ​ഗർവാൾ (ഹരിയാന), ഐ.എം.എ തരം​ഗ് അവാർഡുകൾ ഡോ സഹദുള്ള. ഐ ( കിംസ് ചെയർമാൻ), ഡോ. പ്രേം നായർ ( മെഡിക്കൽ ഓഫീസർ , അമൃത), ഡോ. ജോൺ പണിക്കർ ( ഐഎംഎ തിരു. മുൻ പ്രസിഡന്റ്) എന്നിവർക്കും മുഖ്യമന്ത്രി സമ്മാനിച്ചു.

Tags:    
News Summary - The Chief Minister has created an environment for doctors and health workers to work without fear in the health sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.