കേരളത്തെ പിന്നോട്ടടിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് നവകേരള സദസിലെ ജനക്കൂട്ടമെന്ന് മുഖ്യമന്ത്രി

കൊച്ചി: കേരളത്തെ പിന്നോട്ടടിക്കാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനമാണ് നവകേരള സദസിലേക്ക് ഒഴുകിയെത്തുന്ന ജനക്കൂട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞാറക്കൽ ജയ്ഹിന്ദ് മൈതാനത്ത് നടന്ന വൈപ്പിൻ മണ്ഡലം നവകേരള സദസിനെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

നാട് വികസിക്കണം എന്ന് ആഗ്രഹിക്കുന്നവരുടെ ജനക്കൂട്ടമാണിത്. കേരളത്തിന്റെ വികസനം തടയുന്ന കേന്ദ്രസർക്കാർ നിലപാട് തിരുത്തണമെന്ന് ജനങ്ങൾ അഭിപ്രായം പ്രകടിപ്പിക്കുകയാണ്. നാടിൻറെ വലിയ ആവശ്യം ഉയർത്തുന്ന പ്രക്ഷോഭ വേദിയായി നവകേരള സദസ്സ് മാറുകയാണ്. കേന്ദ്രത്തിന് ലഭിക്കേണ്ട വിഹിതം, സ്വന്തമായ വരുമാനം, വികസന പ്രവർത്തനങ്ങൾക്കായി എടുക്കുന്ന കടം എന്നിവയാണ് സംസ്ഥാനത്തിന്റെ വരുമാന സ്രോതസുകൾ. തനത് വരുമാനത്തിൽ അഭിമാനകരമായ വളർച്ചയാണ് കേരളം നേടിയത്.

ആഭ്യന്തര വരുമാനത്തിലും വലിയ വളർച്ചയുണ്ടായെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഏറ്റവും ഉയർന്ന പ്രതിശീർഷ  വരുമാനമുള്ള ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. കേരളത്തിൽ ലഭിക്കേണ്ട കേന്ദ്രവിഹിതത്തിൽ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത്. ഇത് കേരളത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്നു. ഇതിനെതിരെ നാട് ഒന്നിച്ചു നിൽക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾ അത് ബഹിഷ്കരിക്കുകയാണ്. കേരളത്തിന്റെ മുന്നോട്ടുപോക്കിനെ തടയുന്ന കേന്ദ്രസർക്കാർ നടപടികളാണ് നവ കേരള സദസിലൂടെ ജനങ്ങൾക്ക് മുന്നിൽ തുറന്നു കാട്ടുന്നത്.

എന്നാൽ നവകേരള സദസിനെതിരെ വലിയ അധിക്ഷേപമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഇത് നാട് കൃത്യമായി മനസിലാക്കുകയാണ്. എല്ലാ മണ്ഡലങ്ങളിലും കാണുന്ന വൻജനപങ്കാളിത്തം ഇതിനു തെളിവാണ്. ദേദ ചിന്തയില്ലാതെ ജനങ്ങൾ സദസ്സിലേക്ക് ഒഴുകിയെത്തുകയാണ്. ഇതുവരെ നടന്നിട്ടുള്ള എല്ലാ കൂട്ടായ്മകളെയും മറികടക്കുന്ന കൂട്ടായ്മയാണ് നവ കേരള സദസിൽ കാണുന്നത്. ഈ ജനങ്ങളെ ഉൾക്കൊള്ളുന്നതിന് ആവശ്യമായ ഗ്രൗണ്ട് പോലും പലയിടങ്ങളിലും ഇല്ല എന്ന തിരിച്ചറിവും ഈ ഘട്ടത്തിൽ ഉണ്ടാവുകയാണ്.

പ്രതിപക്ഷ നിലപാടിനുള്ള ജനങ്ങളുടെ മറുപടിയാണിത്. ഇതിൽ സന്ദർഭോചിതമായ ഇടപെടലാണ് ജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. കാലോചിതമായ പുരോഗതി കേരളം നേടരുത് എന്ന ചിന്തയാണ് പ്രതിപക്ഷ കക്ഷികൾക്ക് ഉള്ളത്. നിരവധി പ്രതിസന്ധികൾ നേരിട്ട് സംസ്ഥാനമാണ് കേരളം. ആ ഘട്ടത്തിലെല്ലാം മുന്നോട്ടുപോകാൻ സ്വീകരിച്ച നടപടികളെ തകർക്കാനാണ് പ്രതിപക്ഷ കക്ഷികൾ ശ്രമിച്ചത്. ഐക്യത്തോടെ നിലകൊണ്ടാൽ ഏത് പ്രതിസന്ധിയെയും അതിജീവിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആശാ ജസ്റ്റിൻ വരച്ച ചായ ചിത്രം മുഖ്യമന്ത്രിക്ക് കൈമാറി. മന്ത്രിമാരായ ജി.ആർ. അനിൽ, വി. ശിവൻ കുട്ടി, എം.ബി. രാജേഷ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ.  അധ്യക്ഷത വഹിച്ചു.

Tags:    
News Summary - The Chief Minister said that the crowd in the Nava Kerala Sadas is a declaration that Kerala will not be allowed to go backwards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.