ആർ.സി.സിയിലെ റോബോട്ടിക് സർജറി യൂനിറ്റ് കാൻസർ ചികിത്സാ രംഗത്തു സുപ്രധാന ചുവടുവയ്പെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ സ്ഥാപിച്ച റോബോട്ടിക് സർജറി യൂനിറ്റ് കാൻസർ ചികിത്സാ രംഗത്തു കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സുപ്രധാന ചുവടുവയ്പ്പാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.സി.സിയിലെ റോബോട്ടിക് സർജറി യൂനിറ്റിന്റെയും ഹിപെക് ചികിത്സാ സംവിധാനം, പേഷ്യൻ വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക്, ക്ലിനിക്കൽ ലബോറട്ടറി ട്രാക്കിങ് സംവിധാനം എന്നിവയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. മലബാർ കാൻസർ സെന്ററിലും വൈകാതെ ഈ സംവിധാനം യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി പ്രവർത്തനം തുടങ്ങുന്ന റോബോട്ടിക് സർജറി യൂനിറ്റ് ആർ.സി.സിയുടെ കാര്യശേഷി വർധിപ്പിക്കുന്നതാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തു ചുരുക്കം ചില സ്ഥലങ്ങളിലും വിദേശത്തും മാത്രമാണു നിലവിൽ റോബോട്ടിക് സർജറി സംവിധാനമുള്ളത്. ഇതു തിരുവനന്തപുരം ആർസിസിയിൽ പ്രവർത്തനം ആരംഭിക്കുന്നതു സംസ്ഥാനത്തിനാകെ അഭിമാനകരമാണ്. 30 കോടി രൂപ ചെലവിലാണു പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂനിറ്റ് സ്ഥാപിച്ചത്.

സർജിക്കൽ റോബോട്ടിന്റെ സഹായത്തോടെ നടത്തുന്ന ശസ്ത്രക്രിയയാണു റോബോട്ടിക് സർജറി. രോഗിയുടെ വേദന കുറക്കുക, ശസ്ത്രക്രിയക്കിടയിലെ രക്തസ്രാവം കുറക്കുക, ശസ്ത്രക്രിയക്കു ശേഷമുള്ള റിക്കവറി ടൈം കുറക്കുക തുടങ്ങിയവയാണ് ഇതിന്റെ പ്രത്യേകതകൾ. നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രോഗനിർണയവും ചികിത്സയും കൂടുതൽ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായാണ് ആർസിസിയിലും മലബാർ കാൻസർ സെന്ററിലും റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനവും ഡിജിറ്റൽ പാത്തോളജി മികവിന്റെ കേന്ദ്രങ്ങളും സജ്ജമാക്കുന്നതെന്നും റീബിൽഡ് കേരള ഇനിഷ്യേറ്റിവിലൂടെയാണ് ഇതിനുള്ള തുക സംസ്ഥാന സർക്കാർ അനുവദിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശസ്ത്രക്രിയ വേളയിൽത്തന്നെ ക്യാൻസർബാധിത ശരീരഭാഗത്ത് കീമോ തെറപ്പി നൽകാൻ കഴിയുന്നതാണു ഹൈപ്പർ തെർമിക് ഇൻട്രാപെരിറ്റോണിയൽ കീമോതെറപ്പി അഥവാ ഹിപെക്. 1.32 കോടി ചെലവിലാണ് ഈ നൂതന ചികിത്സാ സംവിധാനം ആർ.സി.സിയിൽ ഒരുക്കിയിട്ടുള്ളത്. ക്യാൻസർ ശസ്ത്രക്രിയാ രംഗത്ത് ഏറ്റവും നൂതന മാർഗങ്ങളിലൊന്നാണ് ഇത്. രോഗികൾക്കു ലഭ്യമാക്കുന്ന സേവനങ്ങളിൽ ആധുനിക സാങ്കേതികവിദ്യകളെ പ്രയോജനപ്പെടുത്താൻ ആർസിസി തയാറാകുന്നുണ്ടെന്നതിന്റെ തെളിവാണ് പുതുതായി ആരംഭിച്ച പേഷ്യന്റ് വെൽഫെയർ ആൻഡ് സർവീസ് ബ്ലോക്ക്.

പ്രതിവർഷം 17,000ൽപ്പരം പുതിയ രോഗികളും രണ്ടു ലക്ഷത്തിൽപ്പരം പഴയ രോഗികളും ആർ.സി.സിയിൽ ചികിത്സയ്ക്കെത്തുന്നുണ്ട്. പുതിയ പേഷ്യൻ വെൽഫെയർ ബ്ലോക്ക് പ്രവർത്തനം തുടങ്ങുന്നതു രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും കാത്തിരുപ്പുവേള സുഖപ്രദമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 1.65 കോടി രൂപ ചെലവിൽ നിർമിച്ച ഈ സൗകര്യം ഒരുക്കുന്നതിന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ സി.എസ്.ആർ ഫണ്ടിൽനിന്ന് 65 ലക്ഷം രൂപ നൽകിയിരുന്നു. ഒരു കോടിയോളം രൂപ ചെലവിൽ നവീകരിച്ച ക്ലിനിക്കൽ ലബറോട്ടറി ട്രാക്കിങ് സംവിധാനവും മുഖ്യമന്ത്രി ചടങ്ങിൽ ഉദ്ഘാടനം ചെയ്തു. ക്ലിനിക്കൽ ലബോറട്ടറി പരിശോധനകൾ നിർവഹിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള ഓട്ടൊമേറ്റഡ് സംവിധാനമാണിത്.

ആർ.സി.സിയിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കൗൺസിലർ ഡി.ആർ. അനിൽ, ആർ.സി.സി. ഡയറക്ടർ ഡോ. രേഖ എ. നായർ, അഡിഷണൽ ഡയറക്ടർ ഡോ. എ. സജീദ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - The Chief Minister said that the robotic surgery unit at RCC is an important step in the field of cancer treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.