ചെങ്ങന്നൂർ: സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഭരണ സമിതി അംഗത്തിന്റെ തിരിമറികൾക്ക് കൂട്ടുനിന്ന ബുധന്നൂർ സർവീസ് സഹകരണ ബാങ്ക് നടപടി സി.പി.എമ്മിനെയും വെട്ടിലാക്കി. നേതാക്കളെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഒത്തുതീർപ്പ് നീക്കങ്ങളും സജീവമാകുകയാണ്. മരിച്ചയാളുടെ നിക്ഷേപ തുക നോമിനി പോലും അറിയാതെ പിൻവലിച്ച നടപടിയാണ് പ്രശ്നമായത്. ബുധനൂർ എണ്ണക്കാട് കലവറയിൽ ശ്രീകുമാറാണ് പരാതി നൽകിയത്. സഹോദരനും സി.പി.എം നേതാവുമായ കലവറയിൽ സുരേഷ് കുമാറാണ് മാതാവിന്റെ നിക്ഷേപ തുക പിൻവലിച്ചത്. സംഭവത്തിൽ സുരേഷ്കുമാർ, സി.പി.എം നേതാവും ഭരണ സമിതി പ്രസിഡന്റുമായിരുന്ന ജി. രാമകൃഷ്ണൻ, സെക്രട്ടറി അനീഷ്യ തുടങ്ങിയവർക്ക് എതിരെ മാന്നാർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ശ്രീകുമാറിന്റെ മാതാവ് പരേതയായ ശാന്തമ്മയുടെ പേരിൽ വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 10 ലക്ഷത്തോളം രൂപയാണ് തിരിമറി നടത്തി പിൻവലിച്ചത്. ഭരണ സമിതിയിലുണ്ടായിരുന്ന സുരേഷിന്റെ സമ്മർദത്തിന് സെക്രട്ടറി കൂട്ടുനിൽക്കുകയായിരുന്നു.
മാതാവിന്റെ ചികിത്സക്കായി അവരുടെ സമ്മതത്തോടെയാണ് പിൻവലിച്ചതെന്നാണ് ഇദ്ദേഹം മൊഴി നൽകിയത്. എന്നാൽ, പാർക്കിൻസൺ രോഗബാധിതയായ ശാന്തമ്മ ദീർഘകാലമായി കിടപ്പിലായിരുന്നു. ഇവർക്ക് ഒപ്പിടാൻ കഴിയുമായിരുന്നില്ല.
ഈ സമയത്ത് അഞ്ച് അക്കൗണ്ടുകളിലെ ഏഴ് ലക്ഷത്തോളം രൂപ സുരേഷിന്റെയും മറ്റ് ബന്ധുക്കളുടെയും പേരിലേക്ക് മാറ്റി. ശ്രീകുമാറിനെ നോമിനിയാക്കിയ തുക ശാന്തമ്മയുടെ മരണ ശേഷമാണ് പിൻവലിച്ചതെന്നതും ശ്രദ്ധേയമാണ്. പ്രതിസന്ധിയിലായ ബാങ്കിൽ നിന്ന് നിക്ഷേപങ്ങൾ തിരികെ നൽകാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. നിക്ഷേപകർ ബാങ്കിന് മുന്നിൽ പലതവണ സമരം നടത്തിയിട്ടും കൃത്യമായ ഉത്തരം നൽകാൻ കഴിയാതിരിക്കുമ്പോൾ ഭരണ സമിതി അംഗത്തിന്റെ തിരിമറി പുറത്തുവന്നത് പ്രശ്നം കൂടുതൽ രൂക്ഷമാക്കുമെന്ന് ചൂണ്ടികാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.