ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവള വികസനത്തിന് ആവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്താൻ എയർപോർട്ട് അതോറിറ്റിയുടെയും സംസ്ഥാന സർക്കാറിെൻറയും സംയുക്ത യോഗം ഉടൻ വിളിച്ചു ചേർക്കുമെന്ന് അതോറിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍ എം.കെ. രാഘവൻ എം.പിയെ അറിയിച്ചു.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി എം.പി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ നിർദേശ പ്രകാരം സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ അരുൺ കുമാർ, എയർപോർട്ട് അതോറിറ്റി ചെയർമാൻ സഞ്ജീവ് കുമാർ, അതോറിറ്റി ഓപറേഷന്‍സ് അംഗം ഐ.എന്‍. മൂര്‍ത്തി, പ്ലാനിങ് മെംബര്‍ എ.കെ. പഥക് എന്നിവരുടെ സാന്നിധ്യത്തിൽ വിമാനത്താവള വികസന വിഷയം ചർച്ച ചെയ്ത യോഗത്തിലാണിത്.
ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി സംസ്ഥാന സർക്കാറിനെ അറിയിക്കുമെന്നും റവന്യൂ ഉന്നത ഉദ്യോഗസ്ഥരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. റൺവേ നവീകരണത്തിന് പ്രഥമ പരിഗണന നൽകി മുന്നോട്ടു പോകണമെന്ന മന്ത്രി സിന്ധ്യയുടെ നിർദേശ പ്രകാരം ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ ഊർജിതപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചർച്ചയാകും.
വിമാനത്താവള വികസനത്തിനായി കഴിഞ്ഞ ജനുവരിയില്‍ എം.കെ. രാഘവന്‍ ബദല്‍ മാസ്റ്റര്‍ പ്ലാന്‍ സമർപ്പിച്ചിരുന്നു. കുറഞ്ഞ ഭൂമി മാത്രം ഏറ്റെടുത്ത് പ്രദേശവാസികൾക്ക് മികച്ച നഷ്‌ടപരിഹാരവും സ്ഥിര വരുമാനവും ഉറപ്പു വരുത്തുന്നതായിരുന്നു മാസ്റ്റർ പ്ലാൻ. മാസ്റ്റര്‍ പ്ലാനിലെ പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച അതോറിറ്റി പുതിയ ടെര്‍മിനല്‍ സംബന്ധമായ കാര്യത്തില്‍ കൂടുതല്‍ വിദഗ്ധ പഠനത്തിനു സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. വിമാനാപകട അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം പ്രസിദ്ധീകരിക്കുമെന്നും, റിപ്പോര്‍ട്ട് ലഭിച്ചാല്‍ വലിയ വിമാനസര്‍വിസ് പുനരാരംഭിക്കൽ വൈകിപ്പിക്കില്ലെന്നും മന്ത്രി ഉറപ്പു നൽകിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.