തിരുവനന്തപുരം: പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷകരുടെ എണ്ണം പുറത്തുവിടാതെ വിദ്യാഭ്യാസ വകുപ്പ്. അപേക്ഷ സമർപ്പണം വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് പൂർത്തിയായെങ്കിലും മൊത്തം അപേക്ഷകരുടെ എണ്ണമോ ജില്ല തിരിച്ചുള്ള കണക്കോ പുറത്തുവിടാൻ ഐ.സി.ടി സെൽ തയാറായില്ല. സാധാരണ അപേക്ഷ സമർപ്പണം പൂർത്തിയാകുന്ന ഘട്ടത്തിൽ അപേക്ഷകരുടെ എണ്ണം പ്രവേശന പോർട്ടലിൽ പ്രസിദ്ധീകരിക്കാറുണ്ട്.
മുഴുവൻ അപേക്ഷകർക്കും സീറ്റുണ്ടെന്നും മലബാറിൽ സീറ്റ് പ്രതിസന്ധിയില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാദിച്ചത്. എന്നാൽ, ഈ കണക്കുകൾ പൊളിഞ്ഞതോടെ മലപ്പുറത്ത് 7000ത്തിൽ അധികം സീറ്റിന്റെ കുറവുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഇതു പരിശോധിക്കാൻ ഹയർസെക്കൻഡറി അക്കാദമിക് ജോയൻറ് ഡയറക്ടർ, മലപ്പുറം മേഖല ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചിരുന്നു. ജൂലൈ അഞ്ചിനകം റിപ്പോർട്ട് നൽകാനും നിർദേശിച്ചു. ഇതിനു പിന്നാലെയാണ് അപേക്ഷകരുടെ എണ്ണം ഉൾപ്പെടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് ഐ.സി.ടി സെൽ അവസാനിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള നിർദേശത്തെ തുടർന്നാണ് ഇതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.