അരിക്കൊമ്പനെ മയക്കുവെടി വെക്കാൻ അന്തിമ രൂപം; മാര്‍ച്ച് 25ന് പുലര്‍ച്ചെ നാലിന് ദൗത്യം, നിരോധനാജ്ഞ

മൂന്നാർ: ജനവാസ മേഖലകളില്‍ ഭീതി പടർത്തുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ച്​ പിടികൂടാനുള്ള പദ്ധതിക്ക്​ അന്തിമ രൂപമായി. 25ന് പുലര്‍ച്ച നാലുമണിയോടെ ദൗത്യം ആരംഭിക്കാൻ കലക്ടര്‍ ഷീബ ജോർജിന്‍റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച മൂന്നാറില്‍ ചേർന്ന അവലോകനയോഗത്തിൽ തീരുമാനമായി. പദ്ധതി നടപ്പാക്കുന്നതിന്​ ജാഗ്രതയോടെയുള്ള മുന്നൊരുക്കമാണ്​ ജില്ല ഭരണകൂടം പൂർത്തിയാക്കുന്നത്​.

മാര്‍ച്ച് 25ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് കലക്ടര്‍ അറിയിച്ചു. കാഴ്ചക്കാരെയോ വിഡിയോ വ്ലോഗര്‍മാരെയോ ഒരു കാരണവശാലും ഈ ഭാഗത്തേക്ക് കടത്തിവിടില്ല. സൂര്യനെല്ലി ബി.എല്‍ റാം ഭാഗത്ത് ഗതാഗതം നിരോധിച്ച് കനത്ത ജാഗ്രതയിലാകും ‘ഓപറേഷന്‍ അരിക്കൊമ്പന്‍’ നടപ്പാക്കുക.

വനം വകുപ്പിന്‍റെ 11 സംഘങ്ങളിലായി 71 അംഗ ദ്രുത പ്രതികരണ സേന ആണ്​ ദൗത്യത്തില്‍ പങ്കെടുക്കുന്നത്. ഈ ദിവസങ്ങളില്‍ പ്രദേശത്ത് കനത്ത പൊലീസ്​ സുരക്ഷ ഏർപ്പെടുത്തും. 25ന് ഉച്ചക്ക്​ മുമ്പ്​ ദൗത്യം പൂര്‍ത്തീകരിക്കുകയാണ്​ ലക്ഷ്യം. കഴിഞ്ഞില്ലെങ്കില്‍ ദൗത്യം അടുത്ത ദിവസത്തേക്ക് മാറ്റും. വെള്ളിയാഴ്ച ഉദ്യോഗസ്ഥർക്കായി മോക്ക് ഡ്രില്‍ സംഘടിപ്പിക്കും.

മയക്കുവെടിവെച്ച് പിടികൂടുന്ന അരിക്കൊമ്പനെ അടിമാലി വഴി കോടനാട്ടേക്ക് കൊണ്ടുപോകാനാണ് വനം വകുപ്പ് പദ്ധതി തയാറാക്കിയിരിക്കുന്നത്. പോകുന്ന വഴികളില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും സുരക്ഷ ഒരുക്കും. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ രണ്ട് ആംബുലന്‍സുകളും മെഡിക്കല്‍ ടീമിന്‍റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യം നേരിടാന്‍ അഗ്നിരക്ഷാസേനയും സജ്ജമായിരിക്കും. ദൗത്യത്തിനായുള്ള ആദ്യ സംഘവും ഒരു കുങ്കിയാനയും തിങ്കളാഴ്ച ചിന്നക്കനാലിൽ എത്തിയിരുന്നു. ബാക്കി മൂന്ന്​ കുങ്കിയാനകളും സംഘത്തിലെ മറ്റുള്ളവരും ബുധൻ, വ്യാഴം ദിവസങ്ങളിലായി എത്തും.

Tags:    
News Summary - The final form of drugging wild elephant Arikkomban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.