മക്ക: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ മലയാളി ഹാജിമാരുടെ ആദ്യ സംഘം ഞായറാഴ്ച മക്കയിലെത്തി. കണ്ണൂരിൽനിന്നും ഐ.എക്സ് 3027 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 145 ഹാജിമാരാണ് പുലർച്ചെ അഞ്ചോടെ ആദ്യമായി ജിദ്ദ വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിലെത്തിയത്. 73 പുരുഷന്മാരും 72 സ്ത്രീകളുമുൾപ്പെടുന്നതാണ് ആദ്യസംഘം. കരിപ്പൂരിൽനിന്ന് പുലർച്ചെ പുറപ്പെട്ട ആദ്യ വിമാനത്തിലെ ഹാജിമാർ രാവിലെ 8.25ന് ജിദ്ദയിലെത്തി.
രാവിലെ 8.30ന് കരിപ്പൂരിൽനിന്നും പുറപ്പെട്ട ഐ.എക്സ് 3021 നമ്പർ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഉച്ചക്ക് 12.30ന് ജിദ്ദ ഹജ്ജ് ടെർമിനലിലെത്തി. ജിദ്ദ ഹജ്ജ് ടെർമിനലിൽ ഹാജിമാരെ സഹായിക്കാൻ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥരോടൊപ്പം മലയാളി സന്നദ്ധ പ്രവർത്തകരും എത്തിയിരുന്നു. രാവിലെ 8.10ഓടെ മക്കയിലെത്തിയ ആദ്യ ഹാജിമാരെ നൂറുകണക്കിന് മലയാളി സന്നദ്ധ പ്രവർത്തകർ സ്വീകരിച്ചു. ലഘുഭക്ഷണങ്ങളും ഈത്തപ്പഴവും മധുരവും കഞ്ഞിയും നൽകിയാണ് സ്വീകരിച്ചത്. മക്കയിലെ റൂമിലെത്തി വിശ്രമത്തിന് ശേഷം ഹാജിമാർ മസ്ജിദുൽ ഹറാമിലെത്തി ഉംറ നിർവഹിച്ചു. അസീസിയയിലെ ബിൽഡിങ് നമ്പർ 260ലാണ് ആദ്യ സംഘത്തിലെ തീർഥാടകരെ താമസിപ്പിച്ചിരിക്കുന്നത്. അവസാന രണ്ടു വിമാനങ്ങളിലെയും ഹാജിമാരെ ബിൽഡിങ് നമ്പർ 325ലാണ് താമസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.