മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ-അറബിക് ചിത്രമായ ആയിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നവാഗതനായ ആമിര്‍ പള്ളിക്കാല്‍ സംവിധാനം ചെയ്യുന്ന ചിത്രം മലയാളത്തിന് പുറമെ ഇഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലും റിലീസാകും.
ആയിഷയുടെ നൃത്ത സംവിധാനം നിർവഹിക്കുന്നത് പ്രഭുദേവയാണ്. ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ ഏറ്റവും മുതൽമുടക്കുള്ള മലയാള ചിത്രമായിരിക്കും ആയിഷ. യു.എ.ഇ യിൽ പ്രധാന റോഡ് അടച്ച് ചിത്രീകരണം നടത്തുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. മഞ്ജു വാര്യരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമായാണ് 'ആയിഷ' ഒരുങ്ങുന്നത്.
ക്ലാസ്മേറ്റ്സിലൂടെ ഏറേ ശ്രദ്ധേയയായ രാധിക ഈ ചിത്രത്തിൽ സുപ്രധാന വേഷം അവതരിപ്പിക്കുന്നു. സജ്ന, പൂർണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫർ (ഫിലിപ്പൈൻസ്), സറഫീന (നൈജീരിയ), സുമയ്യ (യമൻ), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും അണിനിരക്കുന്നു. വിഷ്ണുശർമ്മ ഛായാഗ്രഹണം നിർവഹിക്കുന്നു. ആഷിഫ് കക്കോടിയാണ് രചന. ക്രോസ് ബോർഡർ സിനിമയുടെ ബാനറിൽ സംവിധായകൻ സക്കറിയയാണ് ആയിഷ നിർമ്മിക്കുന്നത്.
ഫെദര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ്,മൂവീ ബക്കറ്റ് എന്നീ ബാനറുകളില്‍ ശംസുദ്ധീന്‍ മങ്കരത്തൊടി, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി.ബി,ബിനീഷ് ചന്ദ്രൻ എന്നിവരാണ് ഈ ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ. ബി കെ ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തില്‍ പ്രശസ്ത ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ പാടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.