തിരുവനന്തപുരം: വനാവകാശനിയമം പട്ടികവർഗ-വനംവകുപ്പുകൾ അട്ടിമറിച്ചെന്ന് എ.ജി റിപ്പോർട്ട്. 2017 േമയ് ഒന്നുമുതൽ 2019 ആഗസ്റ്റ് 31 വരെയാണ് അട്ടപ്പാടിയിൽ എ.ജി പരിശോധന നടത്തിയത്. വനത്തിൽ താമസിച്ചവരുടെ സർവേ നടത്താൻ ഒറ്റപ്പാലം സബ് കലക്ടർക്ക് 25 ലക്ഷം ട്രഷറി അക്കൗണ്ടിലേക്ക് കൈമാറി.
അതിനായി വനം-റവന്യൂ-പട്ടികവർഗ വകുപ്പുകളും കിർത്താഡ്സും ചേർന്ന് പരിശോധന നടത്തി വിവരശേഖരണത്തിന് അനുദിച്ച തുക പിൻവലിച്ചു. എന്നാൽ, സർവേ മാത്രം നടത്തിയിട്ടില്ല. നിയമം നടപ്പാക്കുന്നതിൽ സർക്കാർസംവിധാനം അട്ടിമറി നടത്തുന്നത് വനവാസികളായ ഗോത്രവർഗക്കാരുടെ അവകാശങ്ങളുടെ മേലുള്ള കടന്നുകയറ്റമാണെന്നും ഇക്കാര്യത്തിൽ ആദിവാസികളോടുള്ള ഉദ്യോഗസ്ഥരുടെ അതിക്രമമാണ് അട്ടപ്പാടിയിൽ നടന്നതെന്നും എ.ജി കുറിച്ചിട്ടുണ്ട്.
വനാവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച ആധികാരിക രേഖകൾ സൂക്ഷിക്കുന്നിൽ പട്ടികവർഗവകുപ്പ് കടുത്ത നിയമലംഘനമാണ് നടത്തിയതെന്നും എ.ജി ചൂണ്ടിക്കാട്ടുന്നു.
2006 ലാണ് പാർലമെൻറ് വനാവകാശനിയമം പാസാക്കിയത്. എന്നാൽ, ഉദ്യോഗസ്ഥർ നിയമം നടപ്പാക്കുന്നതിൽ കാണിച്ച വീഴ്ചയാണ് ആദിവാസികൾക്ക് തിരിച്ചടിയായത്. നിയമം നടപ്പാക്കുന്നത് സംബന്ധിച്ച വർക്കിങ് ഗ്രൂപ്പിെൻറ റിപ്പോർട്ട് അംഗീകരിച്ച് സംസ്ഥാന സർക്കാർ 2008 ജൂൺ മൂന്നിനാണ് ഉത്തരവിറക്കിയത്.
പട്ടികവർഗവകുപ്പിെൻറ ഉത്തരവിൽ വനം, തദ്ദേശ, പട്ടികവർഗ വകുപ്പുകൾ വഹിക്കേണ്ട പങ്കിനെക്കുറിച്ച് വിശദീകരിച്ചിരുന്നു. വാർഡ് തലത്തിൽ ഗ്രാമസഭകൾ അഥവാ ഊരുകൂട്ടങ്ങൾ രൂപവത്കരിക്കാനും ഉത്തരവായി. ഊരുതലത്തിൽ, സബ് ഡിവിഷനൽ, ജില്ല, സംസ്ഥാന തലത്തിൽ വനാവകാശ കമ്മിറ്റികൾ രൂപവത്കരിക്കാനായിരുന്നു നിർദേശം.
വനാവകാശ കമ്മിറ്റികളുടെ(എഫ്.ആർ.സി) രൂപവത്കരണം 2008 േമയ് 31 നകം പൂർത്തിയാക്കണമെന്നായിരുന്നു ഉത്തരവ്. അത് പിന്നീട് ആഗസ്റ്റ് 18 വരെ നീട്ടി. 2015വരെ 108 എഫ്.ആർ.സികൾ രൂപവത്കരിച്ചു (അഗളി -41, പുതൂർ -46, ഷോളയൂർ -21). എന്നാൽ, എഫ്.ആർ.സി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഐ.ടി.ഡി.പി ഓഫിസിൽ സൂക്ഷിച്ചിട്ടില്ല.
108 വനാവകാശ കമ്മിറ്റികളിൽ 2015-16 വരെ 2167 അപേക്ഷകൾ ലഭിച്ചു. അതിൽ 1278 ലും സർവേ നടത്തിയില്ല. ഐ.ടി.ഡി.പിയിലെ പ്രോജക്ട് ഓഫിസർ വനാവകാശ നിയമം നടപ്പാക്കുന്നതിന് ഒട്ടും പരിഗണന നൽകിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.