തിരുവനന്തപുരം: കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗവർണർ നാമനിർദേശം ചെയ്ത രണ്ട് അധ്യാപകർ സമർപ്പിച്ച നാമനിർദേശ പത്രിക തള്ളിയ രജിസ്ട്രാറുടെ നടപടി ഗവർണർ റദ്ദാക്കി. സർവകലാശാല അധ്യാപകരായ പ്രഫ.പി. രവീന്ദ്രൻ, പ്രഫ.ടി.എം. വാസുദേവൻ എന്നിവരുടെ പത്രികകൾ തള്ളിയതും വി.സി അതു ശരിവെച്ച നടപടിയുമാണ് റദ്ദാക്കിയത്. ഇരുവരുടെയും പത്രിക സ്വീകരിച്ച് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടപടികൾ ഉടൻ പൂർത്തിയാക്കാനും ഗവർണർ ഉത്തരവിട്ടു.
റിട്ടേണിങ് ഓഫിസറായ രജിസ്ട്രാർ സർവകലാശാല നിയമവും ചട്ടവും മറികടന്നാണ് പത്രികകൾ തള്ളിയതെന്ന് ഗവർണറുടെ ഉത്തരവിൽ പറയുന്നു. അധ്യാപകർ നൽകിയ പരാതിയിൽ നേരത്തേ സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഗവർണർ സ്റ്റേ ചെയ്തിരുന്നു. സ്റ്റേ ഉത്തരവ് ഗവർണർ നീക്കുകയും ചെയ്തു. സർവകലാശാല അധ്യാപകരുടെ മണ്ഡലത്തിൽ മത്സരിക്കാനാണ് ഇരുവരും നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. എന്നാൽ, ഇരുവരും സർവകലാശാല അധ്യാപകരുടെ മണ്ഡലത്തിൽനിന്ന് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരല്ലെന്ന വാദം നിരത്തിയാണ് പത്രിക രജിസ്ട്രാർ തളളിയത്. സർവകലാശാല അധ്യാപകരുടെ ക്വോട്ടയിലാണ് ഇരുവരെയും ഗവർണർ സെനറ്റിലേക്ക് നാമനിർദേശം ചെയ്തിരുന്നത്.
സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് ഗവർണർ സ്റ്റേ ചെയ്തതിനെ ചോദ്യം ചെയ്ത് ഡോ.കെ. മുഹമ്മദ് ഹനീഫ ഹൈകോടതിയെ സമീപിച്ചിരുന്നു. ബന്ധപ്പെട്ടവരെ നേരിൽ കേട്ടശേഷം തീരുമാനമെടുക്കാൻ കോടതി ഗവർണർക്ക് നിർദേശവും നൽകിയിരുന്നു. രാജ്ഭവനിൽ ഹിയറിങ് നടത്തിയാണ് രജിസ്ട്രാറുടെ നടപടി ഗവർണർ റദ്ദാക്കി ഉത്തരവിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.