കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപടക്കം അഞ്ച് പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രോസിക്യൂഷന് രേഖകൾ ഗൂഢാലോചനക്കുറ്റം ചുമത്താൻ പ്രഥമദൃഷ്ട്യാ മതിയായതല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ഉത്തരവ്.
ഒന്നാം പ്രതി ദിലീപിനൊപ്പം സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ. സുരാജ്, ബന്ധു അപ്പു എന്ന കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം. ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും നിലവിൽ പ്രതിയല്ലെന്ന് പ്രോസിക്യൂഷൻ അറിയിച്ചതിനെത്തുടർന്ന് ഹരജി മാറ്റി.
കുറ്റം ചെയ്യാൻ പ്രേരിപ്പിക്കൽ, വധ ഗൂഢാലോചന, ക്രിമിനൽ വധഭീഷണി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. കുറ്റകൃത്യം നടക്കാത്ത സാഹചര്യത്തിൽ പ്രേരണക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കുറ്റകൃത്യം ചെയ്യാൻ ഗൂഢാലോചന നടത്തുന്ന നിമിഷം മുതൽ ഈ കുറ്റം നിലനിൽക്കും. ഗൂഢാലോചന പ്രകാരം കൃത്യം നടക്കണമെന്ന് നിർബന്ധമില്ല. എന്നാൽ ഗൂഢാലോചന നടന്നെന്ന് വിലയിരുത്താൻ പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് കോടതി വ്യക്തമാക്കി.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴികളും മറ്റു തെളിവുകളും ഗൂഢാലോചന നടന്നതിന് ബലം നൽകുന്നില്ല. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ 2018 ജനുവരി 31ന് വിചാരണ നടക്കുന്ന എറണാകുളം അഡീ. സ്പെഷൽ സെഷൻസ് കോടതി പരിസരത്ത് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന ആരോപണം അംഗീകരിക്കാനാവില്ല.
ഫോൺ പ്രതികൾ ഹാജരാക്കാത്തത് അന്വേഷണത്തോടുള്ള നിസ്സഹകരണമായി വിലയിരുത്താനാവില്ല. പ്രതികൾ സാക്ഷികളെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷൻ ആശങ്കയിൽ കഴമ്പുണ്ടെന്ന് വിലയിരുത്തിയ കോടതി തുടർന്ന് ജാമ്യത്തിന് കർശന ഉപാധികൾ വെക്കുകയായിരുന്നു.
പ്രതികളെ കസ്റ്റഡിയിൽ എടുക്കാതെയും ശരിയായ അന്വേഷണം സാധ്യമാകും. മുൻകൂർ ജാമ്യം അനുവദിച്ചാലും നിയന്ത്രിത കസ്റ്റഡി സാധ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ലക്ഷം രൂപയുടെ സ്വന്തവും തുല്യതുകക്കുള്ള രണ്ട് പേരുടെയും ബോണ്ട് സമർപ്പിക്കണമെന്ന മുഖ്യ ഉപാധിയോടെയാണ് ജാമ്യം.
അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത്, പാസ്പോർട്ട് കോടതിയിൽ സമർപ്പിക്കണം തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. ജാമ്യവ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ ജാമ്യം റദ്ദാക്കാനോ അറസ്റ്റിനോ ക്രൈംബ്രാഞ്ചിന് ഹൈകോടതിയിൽ അപേക്ഷ നൽകാമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.