പ്രവാസിയായ നായരേട്ടന് ചുറ്റും സമ്പത്തുകാലത്ത് നിറയെ ആളുകളുണ്ടായിരുന്നു. ആവശ്യങ്ങളുമായി വന്നവർക്കൊന്നും നിരാശരായി മടങ്ങേണ്ടിയും വന്നിട്ടില്ല. ഒടുവിൽ, കടക്കാരെ ഭയന്ന് ഒരു കഷ്ണം കയറിൽ അദ്ദേഹം ജീവിതം അവസാനിപ്പിച്ചപ്പോൾ, മൃതദേഹം നാട്ടിലേക്കയക്കാനുള്ള പെട്ടി വാങ്ങാൻ പോലുമുള്ള പണം ബാക്കിയുണ്ടായിരുന്നില്ല. കണ്ണു നനയാതെ കേട്ടിരിക്കാനാകാത്ത ഒരു പ്രവാസിയുടെ ദുരന്ത കഥയാണിത്. ഗൾഫിലെ സന്നദ്ധ പ്രവർത്തകനായ അഷ്റഫ് താമരശേരിയാണ് യു.എ.ഇയിൽ കഴിഞ്ഞ ദിവസം മരിച്ച പ്രസന്നൻ നായരുടെ ദുരന്തകഥ പുറം ലോകത്തോട് പറഞ്ഞത്.
തിരുവനന്തപുരം സ്വദേശി പ്രസന്നൻ നായർ 1980 കളുടെ തുടക്കത്തിൽ ഗൾഫിലെത്തിയതായിരുന്നു. തുടക്കത്തിൽ ചെറിയ ജോലികൾ ചെയ്തിരുന്ന പ്രസന്നൻ നായർ പിന്നീട് ടെക്സ്റ്റയിൽ മേഖലയിൽ ബിസിനസ് തുടങ്ങുകയും വലിയ തോതിൽ വിജയിക്കുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പ്രധാന ഷോപ്പിങ് കേന്ദ്രമായിരുന്ന അക്കാലത്ത് പി.പി നായർ എന്ന പ്രസന്നൻ നായരുടെ കച്ചവട കേന്ദ്രം.
ബിസിനസിൽ വിജയിച്ചതോടെ മറ്റുള്ളവർക്ക് സാധ്യമായ സഹായങ്ങൾ ചെയ്യാനും പി.പി. നായർ മുന്നിലുണ്ടായിരുന്നു. സഹായം തേടിയെത്തുന്ന ആരെയും അദ്ദേഹം വെറും കയ്യോടെ മടക്കിയില്ല.
എന്നാൽ, പിന്നീട് പി.പി. നായർക്ക് തിരിച്ചടികളുടെ കാലമായിരുന്നു. കച്ചവടത്തിൽ തകർച്ച തുടങ്ങി. വിശ്വസിച്ച പലരെയും ഏൽപിച്ച പണം തിരിച്ചുകിട്ടിയില്ല. യഥാസമയം പണം കിട്ടാതായതോടെ കടമെടുക്കേണ്ടി വന്നു. കേസുകളും പ്രശ്നങ്ങളും പിറകെയെത്തി. കോവിഡ് പ്രതിസന്ധി കൂടി എത്തിയതോടെ തകർച്ച പുർണമായി.
കടക്കാരെ അഭിമുഖീകരിക്കാനാകാത്തതിനാൽ പുറത്തിറങ്ങാൻ തന്നെ മടിയായി നായർക്ക്. ഇതിനിടയിൽ, പി.പി നായർ തന്‍റെ പ്രശ്നങ്ങൾ സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശേരിയെ ഫോണിൽ വിളിച്ച് പങ്കുവെക്കുകയും ചെയ്തു. ജീവിതം അവസാനിപ്പിക്കാൻ കരുതുന്നു എന്നാണ് അദ്ദേഹം പറഞ്ഞതെന്ന് അഷ്റഫ് താമരശേരി ഒാർക്കുന്നു. ഒരിക്കലും അങ്ങനെ ചെയ്യരുതെന്നും പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും പി.പി നായരോട് പറഞ്ഞതായും അഷ്റഫ് താമരശേരി ഒാർക്കുന്നു. അഭിമാനിയായ നായരേട്ടൻ ഒരാഴ്ചക്കകം സ്വന്തം ജീവൻ അവസാനിപ്പിക്കുകയായിരുന്നുവെന്ന് അഷ്റഫ് താമരശേരി പറയുന്നു.
പ്രസന്നൻ നായരുടെ മൃതദേഹം നാട്ടിലേക്കയക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത് അഷ്റഫ് താമരശേരിയാണ്. സമ്പത്തു കാലത്ത് കൂടെ നിറയെ ആളുണ്ടായിരുന്ന പ്രസന്നൻ നായരുടെ ദുരിത സമയത്ത് ഒരാളും കൂടെയുണ്ടായിരുന്നില്ല. മൃതദേഹം നാട്ടിലേക്ക് അയക്കുവാൻ പെട്ടി വാങ്ങുവാൻ പോലും പണമില്ലായിരുന്നു. വിവരമറിഞ്ഞ് രണ്ട് മലയാളി ബിസിനസുകാർ രംഗത്തെത്തുകയും അവരുടെ സഹായത്തോടെ മൃതദേഹം നാട്ടിലേക്കയക്കുകയുമായിരുന്നെന്ന് അഷ്റഫ് താമരശേരി പറയുന്നു.
ജീവിതത്തിൽ നൻമകൾ ഏറെ ചെയ്ത പ്രസന്നൻ നായരുടെ അവസാന യാത്രയിൽ സഹായവുമായെത്തിയത് പേരു വെളിപ്പെടുത്താത്ത രണ്ട് മലയാളികളാണ്. അജ്ഞാതരായ ആ രണ്ട് പേരിലൂടെ പ്രസന്നൻ നായരുടെ നൻമകൾ അദ്ദേഹത്തിന് തിരിച്ചു ലഭിക്കുകയായിരുന്നെന്ന് അഷ്റഫ് താമരശേരി സാക്ഷ്യപ്പെടുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.