കോഴിക്കോട്: മന്ത്രി കെ.ടി. ജലീൽ തന്‍റെ ബന്ധുവായ കെ.ടി. അദീബിന്‍റെ യോഗ്യതക്ക് അനുസരിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജറിന്റെ യോഗ്യതാ മാനദണ്ഡം മാറ്റാൻ ആവശ്യപ്പെട്ട് നൽകിയ കത്ത് പുറത്ത്. ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി ചുമതലയേറ്റ് രണ്ട് മാസത്തിനിടെയാണ് ഇത്തരത്തിൽ മന്ത്രി ജലീൽ കത്ത് നൽകിയത്.
ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനായി ഉമ്മൻചാണ്ടി സര്‍ക്കാറിന്‍റെ കാലത്ത് 29/06/2013ല്‍ കൃത്യമായ യോഗ്യത നിശ്ചയിച്ചിരുന്നു. ഈ ഉത്തരവില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് 26/07/2016ലാണ് ജി.എ.ഡി സെക്രട്ടറിക്ക് മന്ത്രി ജലീൽ കത്ത് നല്‍കിയത്.
ജനറല്‍ മാനേജറുടെ യോഗ്യത ബിടെക്കിനൊപ്പം പി.ജി.ഡി.ബി.എ എന്ന് കൂടി മാറ്റി നിശ്ചയിക്കണമെന്നാണ് ജലീല്‍ കത്തിൽ ആവശ്യപ്പെട്ടത്. മന്ത്രിയുടെ ബന്ധുവായ കെ.ടി അദീബിന്‍റെ യോഗ്യത ബിടെക്കും പി.ജി.ഡി.ബി.എയും ആണ്. മന്ത്രിയുടെ കത്തിന്‍റെ അടിസ്ഥാനത്തില്‍ യോഗ്യത മാറ്റി നിശ്ചയിച്ച് ജി.എ.ഡി സെക്രട്ടറി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
ഈ കത്ത് തെളിവായി സ്വീകരിച്ചാണ് മന്ത്രി ജലീൽ അഴിമതിയും സ്വജനപക്ഷപാതവും അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞ ലംഘനവും നടത്തിയെന്ന് വെള്ളിയാഴ്ച ലോകായുക്ത വിധിച്ചത്. ലോകായുക്ത നിയമം 14 പ്രകാരം കെ.ടി ജലീലിനെ മന്ത്രിപദവിയിൽ നിന്ന് നീക്കണമെന്നും ലോകായുക്ത വിധിക്കുകയും ചെയ്തു. ഒരു മന്ത്രിയെ പദവിയിൽ നിന്ന് നീക്കണമെന്ന് ലോകായുക്ത ഉത്തരവിടുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.